സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 7 വരെയുള്ള 17 ദിവസത്തേക്ക് വ്യോമാതിർത്തി താൽക്കാലികമായി നിരോധിച്ച് ഇന്ത്യ നോട്ടാം (NOTAM) മുന്നറിയിപ്പ് പ്രഖ്യാപിച്ചത് പാകിസ്ഥാനിൽ കനത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിർത്തിക്ക് വളരെ അടുത്തുള്ള ജെയ്‌സാൽമർ, ബാർമർ, ജോധ്പൂർ, ബിക്കാനീർ മേഖലകളിൽ ഏകദേശം 40,000 അടി ഉയരം വരെയുള്ള വ്യോമപാത ആണ് 17 ദിവസത്തേക്ക് ഇന്ത്യ അടച്ചിടുന്നത്. ഇന്ത്യയുടെ ഈ മുന്നറിയിപ്പ് പുറത്തുവന്നതിനെ തുടർന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രാലയത്തിൽ കടുത്ത ആശങ്കയും അടിയന്തര നീക്കങ്ങളും ആരംഭിച്ചു.
അതേസമയം, ഇന്ത്യൻ വ്യോമസേന അതിർത്തി മേഖലയിൽ നടത്താൻ പോകുന്ന വൻ വ്യോമ അഭ്യാസത്തിനായാണ് ഇന്ത്യ വ്യോമാതിർത്തി അടച്ചിട്ട് നോട്ടാം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഈ നീക്കത്തിന്റെ വ്യാപ്തിയും പ്രത്യാഘാതങ്ങളും വിലയിരുത്തുന്നതിനായി പാകിസ്ഥാൻ പ്രതിരോധ മന്ത്രാലയം അടിയന്തര അവലോകന യോഗം വിളിച്ചുചേർത്തു. തുടർന്ന് സുരക്ഷാ റിപ്പോർട്ടുകൾ പാകിസ്ഥാൻ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സിന്റെ ഓഫീസിലേക്ക് കൈമാറുകയും അതിർത്തിയിൽ വ്യോമസേന അടക്കമുള്ള സുരക്ഷാ സേനകളോട് അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചു.
സെപ്റ്റംബർ അവസാന വാരം മുതൽ ജോധ്പൂരിൽ ആരംഭിക്കുന്ന ബഹുരാഷ്ട്ര വ്യോമ അഭ്യാസമായ ‘തരംഗ് ശക്തി 2026’ അടക്കം വിവിധ പോരാട്ട പരിശീലനങ്ങളുടെ ഭാഗമായാണ് ഇന്ത്യ ഈ വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര അതിർത്തിക്ക് കേവലം 20 കിലോമീറ്റർ മാത്രം അകലെ വരെ നീളുന്ന മേഖലകളിൽ ഇന്ത്യയുടെ അത്യാധുനിക യുദ്ധവിമാനങ്ങൾ അണിനിരക്കും. സാധാരണയായി സുരക്ഷ മുൻനിർത്തി നൽകാറുള്ള വ്യോമ അറിയിപ്പാണെങ്കിലും, നീണ്ട 17 ദിവസത്തെ പരിശീലനമായതിനാൽ പാകിസ്ഥാൻ വലിയ ആശങ്കയോടെയാണ് ഇന്ത്യൻ അതിർത്തിയിലെ നീക്കങ്ങളെ വീക്ഷിക്കുന്നത്.










