വഡോദരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആവേശകരമായ സ്വീകരണം. ‘നമോ ഫോർ വിക്ഷിത് ഭാരത്’ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രിയെ വൻ ജനക്കൂട്ടമാണ് ആവേശത്തോടെ സ്വീകരിച്ചത്. സന്ദർശനത്തിന്റെ ഭാഗമായി 35,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. 326 റൂട്ട് കിലോമീറ്റർ ദൈർഘ്യമുള്ളതും 20,700 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ചതുമായ മൂന്ന് വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ പദ്ധതികളാണ് ഇതിൽ പ്രധാനമായത്.
വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിന്റെ (WDFC) മൂന്ന് സുപ്രധാന ഘട്ടങ്ങൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. 20,700 കോടിയിലധികം രൂപ ചെലവഴിച്ചാണ് 326 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ചരക്ക് പാത നിർമ്മിച്ചിരിക്കുന്നത്. ന്യൂ സാനന്ദ് മുതൽ ന്യൂ മകർപുര വരെയുള്ള ഈ പാതകൾ പ്രവർത്തനക്ഷമമാകുന്നതോടെ രാജ്യത്തെ ചരക്കുനീക്കം കൂടുതൽ വേഗത്തിലാകും.
ചരക്ക് ഗതാഗതത്തോടൊപ്പം പുതിയ പാസഞ്ചർ ട്രെയിൻ സർവീസുകളും വിവിധ റെയിൽവേ ലൈനുകളുടെ വികസന ജോലികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. വ്യാവസായിക കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പദ്ധതികൾ വഴി ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടം ലഭിക്കും. വ്യവസായങ്ങൾക്ക് ചരക്കുനീക്ക ചെലവ് കുറയ്ക്കാനും യാത്രാ സമയം ഗണ്യമായി ലാഭിക്കാനും ഇത് സഹായിക്കും.








