ഇന്ത്യ സ്വന്തമായി നിർമ്മിക്കുന്ന ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ കോച്ചിന്റെ ബോഡി ഫ്രെയിം നിർമ്മാണം പൂർത്തിയായതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വഡോദരയിൽ നടന്ന ചടങ്ങിലാണ് മന്ത്രി ഈ നിർണായക വിവരം പങ്കുവെച്ചത്. പൂർത്തിയായ ആദ്യ കോച്ചിന്റെ ഭാഗങ്ങൾ കൂടുതൽ പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്. വരും മാസങ്ങളിൽ ഈ പദ്ധതിയുടെ നിർമ്മാണത്തിൽ വലിയ പുരോഗതി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത വർഷം മെയ് അല്ലെങ്കിൽ ജൂൺ മാസത്തോടെ ട്രെയിൻ ട്രാക്കിലിറക്കി പരീക്ഷണം ആരംഭിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. രണ്ടുമുതൽ നാലുമാസം വരെ നീളുന്ന പരീക്ഷണ ഓട്ടങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഔദ്യോഗികമായി രാജ്യത്തിന് സമർപ്പിക്കും. സൂററ്റ് മുതൽ വാപി വരെയുള്ള പാതയിലെ സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം ഡിസംബറോടെ പൂർത്തിയാകും. സൂററ്റ്-ബിലിമോറ പാതയിലായിരിക്കും ആദ്യം സർവീസ് ആരംഭിക്കുക.
മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ ഇടനാഴിയുടെ ഭാഗമായാണ് ഈ അതിവേഗ ട്രെയിൻ പദ്ധതി നടപ്പിലാക്കുന്നത്. സ്വയംപര്യാപ്ത ഇന്ത്യ എന്ന ലക്ഷ്യത്തോടെയാണ് സ്വദേശി സാങ്കേതികവിദ്യയിൽ ഈ ട്രെയിൻ വികസിപ്പിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ വഡോദരയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രാസമയം വെറും ഒന്നര മണിക്കൂറായി കുറയും. ഇതുകൂടാതെ റെയിൽവേയുടെ സംരക്ഷണ, ഓപ്പറേറ്റിംഗ് സംവിധാനങ്ങൾ നവീകരിക്കുന്ന പ്രവർത്തനങ്ങളും വേഗത്തിൽ പുരോഗമിക്കുകയാണ്.








