ഐക്യരാഷ്ട്രസഭയിൽ ഭൂപടങ്ങളുടെ വിസ്തൃതി കൃത്യമായി ചിത്രീകരിക്കുന്ന പ്രമേയത്തിൽ ഇന്ത്യ സ്വീകരിച്ച ഉറച്ച ദേശീയ നിലപാടിൽ വിറളിപൂണ്ട് വീണ്ടും വിഷം ചീറ്റി പാകിസ്ഥാൻ. ജമ്മു കശ്മീരും ലഡാക്കും ഉൾപ്പെടുന്ന ഭാരതത്തിന്റെ പരമാധികാര അതിർത്തികളിൽ വിട്ടുവീഴ്ചയില്ലെന്ന് ന്യൂഡൽഹി വ്യക്തമാക്കിയതിന് പിന്നാലെയാണ്, ആഗോളശ്രദ്ധ നേടാനുള്ള പാകിസ്ഥാന്റെ പതിവ് പ്രകോപനം.
ഭൂഖണ്ഡങ്ങളുടെ യഥാർത്ഥ വിസ്തീർണം കൃത്യമായി അടയാളപ്പെടുത്തുന്ന ഐക്യരാഷ്ട്രസഭാ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചിരുന്നു. എന്നാൽ സാങ്കേതികമായി വോട്ട് രേഖപ്പെടുത്തിയെങ്കിലും, ഏതെങ്കിലും രാഷ്ട്രീയ അതിർത്തികൾക്കോ തെറ്റായ ഭൂപടങ്ങൾക്കോ ഉള്ള അംഗീകാരമല്ല ഇതെന്നും, ജമ്മു കശ്മീരും ലഡാക്കും ഭാരതത്തിന്റെ ഔദ്യോഗിക ഭൂപടപ്രകാരം തന്നെ ചിത്രീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം (MEA) കർശനമായി വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരത്തിലും അതിർത്തികളുടെ കാര്യത്തിലും ഇന്ത്യയുടെ നിലപാട് വ്യക്തവും ചർച്ചകൾക്ക് അതീതവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ഓർമ്മിപ്പിച്ചു.
ഇന്ത്യയുടെ ഈ ഉറച്ച നിലപാടിൽ നടുങ്ങിയ ഇസ്ലാമാബാദ്, തങ്ങളുടെ പരാജയം മറച്ചുവെക്കാൻ വീണ്ടും കശ്മീർ രാഗം മീട്ടുകയാണ്. ഇന്ത്യയുടെ പ്രസ്താവന “അടിസ്ഥാനരഹിതമാണെന്ന്” ആരോപിച്ച് രംഗത്തെത്തിയ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം, കശ്മീർ തർക്കവിഷയമാണെന്ന പഴയ വാദം വീണ്ടും ആവർത്തിച്ചു. ഭാരതത്തിന്റെ ഔദ്യോഗിക ഭൂപടങ്ങൾ കശ്മീരിന്റെ പദവിയെ മാറ്റില്ലെന്ന പാകിസ്ഥാന്റെ പ്രസ്താവന, ഇന്ത്യയുടെ പരമാധികാരത്തിന് മുന്നിലുള്ള അവരുടെ നിരാശ മാത്രമാണ് വ്യക്തമാക്കുന്നത്.
ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അഭിഭാജ്യവും അവിഭാജ്യവുമായ ഭാഗമാണെന്നത് ആഗോളതലത്തിൽ ഭാരതം വ്യക്തമാക്കിയിട്ടുള്ളതാണ്. അന്താരാഷ്ട്ര വേദികളിൽ കശ്മീർ ഉന്നയിച്ച് ചർച്ചയാക്കാൻ ശ്രമിക്കുന്ന പാകിസ്ഥാന്, നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ നയതന്ത്ര നിലപാടിലൂടെ വൻ തിരിച്ചടിയാണ് വീണ്ടും ലഭിച്ചിരിക്കുന്നത്.












