പാകിസ്താനിലെ ഷെയ്ഖുപുരയിൽ നടന്ന പൊതുപരിപാടിയിലാണ്, ഇന്ത്യക്കെതിരെ അധിക്ഷേപ പരാമർശങ്ങളുമായി ലഷ്കർ-ഇ-തൊയ്ബ (LeT) ഭീകരനും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സഈദിന്റെ മകൻ ഹാഫിസ് തൽഹ സഈദ് രംഗത്തെത്തിയത്. ഡൽഹിയിലെ ഇന്ത്യൻ ഭരണാധികാരികൾക്കെതിരെ രൂക്ഷമായ ഭാഷയിൽ സംസാരിച്ച തൽഹ സഈദ്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അഞ്ഞൂറ് വർഷത്തോളം തുടർന്ന മുസ്ലീം ഭരണത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഉയർത്തിക്കാട്ടിയാണ് വീണ്ടും വർഗീയ വിഷം ചീറ്റിയത്.
ഇന്ത്യക്കെതിരെ ജിഹാദ് നയിക്കാൻ താനും കൂട്ടാളികളും പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും അത് നിർബാധം തുടരുമെന്നും തൽഹ സഈദ് ഭീഷണി മുഴക്കി. പ്രവാചകന്റെ നാമത്തിൽ ജിഹാദിനായി ശപഥം ചെയ്തവരാണ് തങ്ങളെന്നും അതിനായി എത്ര വലിയ ത്യാഗവും സഹിക്കാൻ മടിക്കില്ലെന്നും അയാൾ കൂട്ടിച്ചേർത്തു. ഇതോടൊപ്പം, പാകിസ്ഥാൻ സൈനിക മേധാവിയും ഫീൽഡ് മാർഷലുമായ അസിം മുനീറിനെ പരസ്യമായി പുകഴ്ത്താനും തൽഹ സഈദ് തയ്യാറായി. വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ ഒരു ഫീൽഡ് മാർഷലിനെ സൈനിക മേധാവിയായി ലഭിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നതായി പറഞ്ഞ തൽഹ സഈദ്, അസിം മുനീറാണ് പാകിസ്താനിൽ ‘വിശ്വാസവും ജിഹാദും’ വീണ്ടും ഉണർത്തിയതെന്നും അവകാശപ്പെട്ടു.
ഡൽഹി കേന്ദ്രീകരിച്ച് ഭരണം നടത്തുന്ന ഇന്ത്യൻ ഭരണാധികാരികൾക്ക് എന്ത് അടിസ്ഥാനത്തിലാണ് പാകിസ്ഥാനോട് സംസാരിക്കാൻ അവകാശമുള്ളതെന്ന് ചോദ്യം ഉന്നയിച്ച തൽഹ, ഡൽഹിയും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളും ചരിത്രപരമായി ആരുടെ അധീനതയിലായിരുന്നുവെന്ന് ശത്രുക്കൾ മറന്നുപോയെന്നും ആരോപിച്ചു. താൻ സംസാരിക്കുന്നത് യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും അയാൾ ന്യായീകരിച്ചു.
ഐക്യരാഷ്ട്രസഭ ഭീകരസംഘടനയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ റിക്രൂട്ട്‌മെന്റ്, ഫണ്ട് ശേഖരണം, പ്രചാരണം എന്നിവയ്ക്ക് പിന്നിൽ സജീവമായി പ്രവർത്തിച്ചതിന് ഇന്ത്യയും അമേരിക്കയും തൽഹ സഈദിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. പാകിസ്ഥാൻ സൈനിക നേതൃത്വത്തെയും സൈനിക മേധാവിയെയും പരസ്യമായി പിന്തുണച്ചുകൊണ്ട് ഭീകരവാദികൾ നടത്തുന്ന ഇത്തരം പ്രസംഗങ്ങൾ, പാക് ഭരണകൂടത്തിനും സൈന്യത്തിനും ഭീകരസംഘടനകളുമായുള്ള ആഴത്തിലുള്ള ബന്ധമാണ് വീണ്ടും പുറത്തുകൊണ്ടുവരുന്നത്. പാകിസ്ഥാൻ ഭീകരവാദികൾക്ക് നൽകുന്ന പിന്തുണയെക്കുറിച്ച് ഇന്ത്യ ഉന്നയിക്കുന്ന വാദങ്ങൾ ശരിവെക്കുന്നതാണ് ഈ പുതിയ വിദ്വേഷ പ്രസംഗം.












