മുൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ ഭരണകാലത്ത് സിറിയയിൽ രഹസ്യമായി നിർമ്മിച്ച ആണവ റിയാക്ടറിന് അണുബോംബുകൾ ഉണ്ടാക്കാൻ ആവശ്യമായ വസ്തുക്കൾ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടായിരുന്നുവെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ വെളിപ്പെടുത്തൽ. വിയന്നയിൽ നടന്ന ഐഎഇഎ ബോർഡ് ഓഫ് ഗവേണർമാരുടെ യോഗത്തിലാണ് ഏജൻസി തലവൻ റാഫേൽ ഗ്രോസി ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുൻ സിറിയൻ സർക്കാർ ലോകത്തിൽ നിന്ന് മറച്ചുവെച്ച് അതീവ രഹസ്യമായാണ് ഈ ആണവ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.
ഏജൻസിയുടെ പരിശോധനയിൽ സിറിയയിലെ ഒരു രഹസ്യ കേന്ദ്രത്തിൽ നിന്ന് 73 ടണ്ണോളം പ്രകൃതിദത്ത യുറേനിയം ശേഖരം കണ്ടെത്തിയിട്ടുണ്ട്. ചുവരുകൾ പൊളിച്ചും വളരെ ഇടുങ്ങിയ പാതകളിലൂടെ സഞ്ചരിച്ചുമാണ് പരിശോധകർ ഈ റേഡിയോ ആക്ടീവ് സാമഗ്രികൾ സൂക്ഷിച്ച മുറിയിൽ എത്തിയത്. ഡെയർ എസ്സോർ പ്രവിശ്യയിൽ വടക്കൻ കൊറിയയുടെ സഹായത്തോടെയാണ് ഈ റിയാക്ടർ നിർമ്മിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
കണ്ടെത്തിയ യുറേനിയം പൂർണ്ണമായും ഇപ്പോൾ ഐഎഇഎയുടെ സുരക്ഷാ നിരീക്ഷണത്തിലാണ്. ഈ കേന്ദ്രത്തിൽ ഇതിനോടകം തന്നെ സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻ ഭരണകൂടം പതനത്തിന് ഇരയായ ശേഷമാണ് പുതിയ സിറിയൻ സർക്കാർ ഐഎഇഎ പരിശോധകർക്ക് രാജ്യത്തെ ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ അനുമതി നൽകിയത്.








