ന്യൂയോർക്ക്/ജയ്പൂർ: ഭാരതത്തിന്റെ സമ്പന്നമായ ചരിത്രത്തെയും പാരമ്പര്യത്തെയും കുറിച്ച് മനസ്സിലാക്കാതെ രാജ്യം വൻ ദാരിദ്ര്യത്തിലാണെന്ന മട്ടിൽ പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന തെറ്റായ പ്രതിച്ഛായക്കെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ യുവതി. നിലവിൽ രാജസ്ഥാനിലെ ജയ്പൂർ സന്ദർശിക്കുന്ന ന്യൂയോർക്കിലെ ടാറ്റൂ ആർട്ടിസ്റ്റായ ജെമ ഫെററാണ് ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച് സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്നത്. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും നേരത്തെ തിരിച്ചറിയാൻ സാധിക്കാത്തതിൽ തനിക്ക് ഖേദമുണ്ടെന്നും സ്വന്തം കലയിലൂടെ ഭാരതീയ സംസ്കാരം ലോകത്തിന് മുന്നിൽ എത്തിക്കുമെന്നും ജെമ പറഞ്ഞു.
ഇന്ത്യയെ കാണുന്നതിൽ പാശ്ചാത്യ ലോകം ഇരട്ടത്താപ്പ് പുലർത്തുന്നുണ്ടെന്ന് ജെമ ചൂണ്ടിക്കാട്ടി. വിദേശ സിനിമകളിലും പോപ്പ് കൾച്ചറിലും ഇന്ത്യയെ എപ്പോഴും ദാരിദ്ര്യവും ജനപ്പെരുപ്പവും മോശം ജീവിതസാഹചര്യങ്ങളുമുള്ള ഒരു രാജ്യമായി മാത്രമാണ് ചിത്രീകരിക്കാറുള്ളത്. എന്നാൽ അതേസമയം തന്നെ ഇന്ത്യയുടെ സംഭാവനകളായ യോഗ, ആയുർവേദം, ധ്യാനം, തുണിത്തരങ്ങൾ എന്നിവയെല്ലാം ലോകത്തെ വൻകിട വാണിജ്യ വ്യവസായങ്ങളായി പാശ്ചാത്യർ മാറ്റുകയും ചെയ്തു. ഇന്ത്യൻ സംസ്കാരത്തെ ബിസിനസ്സിനായി ഉപയോഗിച്ച പാശ്ചാത്യ ലോകം, അതിന് പിന്നിൽ പ്രവർത്തിച്ച ഇന്ത്യയിലെ ജനങ്ങൾക്കോ സമൂഹങ്ങൾക്കോ അർഹിച്ച ആദരവോ അംഗീകാരമോ നൽകിയില്ലെന്ന് അവർ തുറന്നടിച്ചു.
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന സാമ്പത്തിക ചൂഷണത്തെക്കുറിച്ചും യുവതി വ്യക്തമാക്കുന്നുണ്ട്. പരുത്തി, മസ്‌ലിൻ, പട്ട് എന്നിവയുടെ ഉൽപ്പാദനത്തിൽ ലോകവിപണിയിൽ മുന്നിലായിരുന്ന ഇന്ത്യയുടെ പരമ്പരാഗത വ്യവസായങ്ങളെ ബ്രിട്ടീഷ് നയങ്ങൾ തകർക്കുകയായിരുന്നു. കൈത്തറി നെയ്ത്തുകാരെയും കരകൗശല വിദഗ്ധരെയും അടിമകളാക്കി ഇന്ത്യയെ ദരിദ്രരാജ്യമാക്കുകയാണ് കൊളോണിയൽ ഭരണം ചെയ്തതെന്നും അവർ ഓർമ്മിപ്പിച്ചു. ആയുധമെടുക്കാതെ അഹിംസയിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ മഹാത്മാഗാന്ധിയുടെയും ഇന്ത്യയുടെയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളെയും ജെമ പ്രശംസിച്ചു. ഇന്ത്യയുടെ പാരമ്പര്യത്തെയും ചരിത്രത്തെയും കുറിച്ച് വിദേശിയായ യുവതി പങ്കുവെച്ച വീഡിയോകൾക്ക് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.










