ഗുജറാത്തിലെ വഡോദരയിൽ നടന്ന ചടങ്ങിൽ 35,000 കോടിയലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. പദ്ധതികളുടെ ഭാഗമായി 20,700 കോടിയലധികം രൂപ ചെലവഴിച്ച് നിർമ്മിച്ച വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിന്റെ (WDFC) മൂന്ന് പ്രധാന ഘട്ടങ്ങൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. സമർപ്പണം നടത്തുന്ന ചരക്ക് ഇടനാഴികൾ ഇന്ത്യയുടെ വ്യാപാര മേഖലയുടെയും വ്യവസായത്തിന്റെയും നട്ടെല്ലായി മാറുമെന്ന് ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
ന്യൂ സാനന്ദ് മുതൽ ന്യൂ മകർപുര, ന്യൂ ഉമർഗാവ് മുതൽ ന്യൂ സഫാലെ, ന്യൂ സഫാലെ മുതൽ ന്യൂ ജെഎൻപിടി വരെയുള്ള 326 കിലോമീറ്റർ ദൈർഘ്യമുള്ള പാതകളാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. മുംബൈയിലെ ജവഹർലാൽ നെഹ്റു പോർട്ട് അതോറിറ്റിയുമായി ഈ പാത നേരിട്ട് ബന്ധിപ്പിക്കുന്നതോടെ വ്യവസായ കേന്ദ്രങ്ങളിൽ നിന്നുള്ള ചരക്കുനീക്കം വളരെ വേഗത്തിലാകും. ചരക്ക് ഗതാഗതത്തിന്റെ ചെലവ് കുറയ്ക്കാനും യാത്രാ സമയം ഗണ്യമായി ലാഭിക്കാനും മുംബൈയിലെ റെയിൽവേ ശൃംഖലയിലെ തിരക്ക് കുറയ്ക്കാനും ഇത് സഹായിക്കും.
ചരക്ക് പാതകൾക്ക് പുറമെ വഡോദര-രത് ലാം മൂന്നും നാലും റെയിൽവേ ലൈനുകൾ ഉൾപ്പെടെ 9,700 കോടി രൂപയുടെ മറ്റ് റെയിൽവേ പദ്ധതികൾക്കും ദേശീയപാതാ വികസന പ്രവർത്തനങ്ങൾക്കും അദ്ദേഹം തുടക്കമിട്ടു. വഡോദരയിൽ നിന്ന് പുതിയ പാസഞ്ചർ ട്രെയിൻ സർവീസും ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിലൂടെയുള്ള പുതിയ ചരക്ക് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഇന്ത്യയെ അതിവേഗം വികസിത രാജ്യമാക്കി മാറ്റുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.








