എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഭീഷണിയൊന്നും പാർട്ടിക്കോ മുഖ്യമന്ത്രി പിണറായി വിജയനോ മുന്നിൽ ചെലവാകാൻ പോകുന്നില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്. പിണറായിയെ മൂക്കിൽ വലിച്ച് കയറ്റുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്, എന്നാൽ അതിനുമാത്രം വലിപ്പമുള്ള മൂക്കൊന്നും ഇ.ഡിക്ക് ഇല്ലെന്ന് സ്വരാജ് പരിഹസിച്ചു. സി.പി.എം. അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഏച്ചൂരിൽ സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂർണ്ണമായും വിശ്വാസ്യത നഷ്ടപ്പെട്ട ഏജൻസിയായി ഇ.ഡി മാറിയിരിക്കുകയാണ്. ഇ.എം.എസ് നമ്പൂതിരിപ്പാടിനെപ്പോലും കള്ളനെന്ന് അധിക്ഷേപിച്ച ചരിത്രം മുൻപുണ്ടായിട്ടുണ്ട്. കോടതിയുടെ വരാന്തയിൽ പോലും നിൽക്കാൻ കെൽപ്പില്ലാത്ത ഇത്തരം കള്ളക്കേസുകളെയും ആരോപണങ്ങളെയും സാമാന്യബുദ്ധിയുള്ള ആരും വിശ്വസിക്കില്ലെന്നും പാർട്ടി ഇതിനെ നിയമപരമായും രാഷ്ട്രീയമായും ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ ഭരണനേതൃത്വത്തിനെതിരെയും സ്വരാജ് രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. വെറും നാലുമാസം പിന്നിട്ട യു.ഡി.എഫ് സർക്കാരിന്റെ ഭരണത്തിൽ ജനങ്ങൾ കടുത്ത അമർഷത്തിലും നിരാശയിലുമാണ്. പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും പവർകട്ടും അഴിമതിയും തിരിച്ചെത്തിയിരിക്കുന്നു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് പോലും പരസ്യമായി കൈക്കൂലി വാങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. മാറിയ ഭരണ സംവിധാനത്തെ പിന്തുണച്ച കവികൾ പോലും ഇപ്പോഴത്തെ ഭരണം ലജ്ജാകരമാണെന്ന് തുറന്നുപറയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. കേരളത്തിൽ ബി.ജെ.പിക്ക് വഴിമരുന്നിടുന്ന ഭരണമാണ് യു.ഡി.എഫ് കാഴ്ചവെക്കുന്നത്. ഈ വലതുപക്ഷ വർഗീയ സഖ്യം സംസ്ഥാനത്തിന്റെ പരമ്പരാഗത മതനിരപേക്ഷ ഘടന തകർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












