ചാറ്റ് ജിപിടിയോ സമാനമായ എഐ (AI) ടൂളുകളോ ഉപയോഗിച്ച് നിമിഷനേരം കൊണ്ട് ആകർഷകമായ ചിത്രങ്ങൾ നിർമ്മിക്കുമ്പോൾ, അത് പ്രകൃതിയിൽ ഉണ്ടാക്കുന്നത് വൻ തോതിലുള്ള ആഘാതമെന്ന് പഠനങ്ങൾ. നമ്മൾ ലളിതമെന്ന് കരുതുന്ന ഓരോ എഐ ചിത്രം നിർമ്മാണത്തിനും ഒരു സ്മാർട്ട്‌ഫോൺ പൂർണ്ണമായും ചാർജ് ചെയ്യാൻ ആവശ്യമായത്രയും വൈദ്യുതി വിനിയോഗിക്കപ്പെടുന്നുണ്ടെന്നാണ് എംഐടി ടെക്നോളജി ഗവേഷകരുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഉപഭോക്താക്കൾ നൽകുന്ന ടെക്സ്റ്റ് നിർദ്ദേശങ്ങൾ മനസ്സിലാക്കി ചിത്രം നിർമ്മിക്കുന്നതിനായി കൂറ്റൻ ഡാറ്റാ സെന്ററുകളിലെ അയ്യായിരക്കണക്കിന് ഉയർന്ന ശേഷിയുള്ള ജിപിയു (GPU) പ്രൊസസറുകൾ ഒരേസമയം പ്രവർത്തിക്കേണ്ടി വരുന്നു. സാധാരണ ഡിജിറ്റൽ ഫോട്ടോയെടുക്കുന്നതിൽ നിന്നും വ്യത്യസ്തമായി വൻതോതിലുള്ള പ്രൊസസിംഗ് ശേഷിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ പ്രൊസസറുകൾ തുടർച്ചയായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന അമിതമായ ചൂട് കുറയ്ക്കുന്നതിനായി ഡാറ്റാ സെന്ററുകളിൽ വൻതോതിൽ കുടിവെള്ളമാണ് തണുപ്പിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്.
യുണൈറ്റഡ് നാഷൻസ് (UN) പുറത്തുവിട്ട ഞെട്ടിക്കുന്ന റിപ്പോർട്ട് അനുസരിച്ച്, എഐ ഡാറ്റ സെന്ററുകൾ 2030-ഓടെ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് പാകിസ്ഥാൻ, ബംഗ്ലാദേശ്, നൈജീരിയ എന്നീ രാജ്യങ്ങളിലെ ആകെ ഉപയോഗത്തിന്റെ മൂന്ന് മടങ്ങായി ഉയരും. അതായത് ലോകമെമ്പാടുമുള്ള 650 ദശലക്ഷം വീടുകളിലെ ആകെ ഊർജ്ജ ഉപഭോഗത്തിന് തുല്യമായിരിക്കും ഇത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ എഐ പ്രവർത്തനങ്ങൾക്കായുള്ള ജല ഉപഭോഗം കോടിക്കണക്കിന് ആളുകളുടെ ദൈനംദിന ആവശ്യങ്ങൾക്ക് തുല്യമായി മാറും. കൂടാതെ, ഈ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന ഭൂമിയുടെ വിസ്തൃതി കൂറ്റൻ മെട്രോപൊളിറ്റൻ നഗരങ്ങളേക്കാൾ വലുതായിരിക്കും. ഈ ഡാറ്റാ സെന്ററുകൾ പ്രവർത്തിക്കാൻ ആവശ്യമായ ഭൂരിഭാഗം വൈദ്യുതിയും ഇപ്പോഴും ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കുന്നത് എന്നത് പരിസ്ഥിതി നാശത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.











