വാഷിംഗ്‌ടൺ: വരാനിരിക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ (Midterm Elections) റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിൽ (ഹൗസ്, സെനറ്റ്) ഭരണം നിലനിർത്തിയാൽ രാജ്യത്തെ ഓരോ മുതിർന്ന പൗരനും 5,000 ഡോളർ (ഏകദേശം 4.25 ലക്ഷം രൂപ) വീതം ‘ട്രംപ് ഡിവിഡന്റ്’ (Trump Dividend) ആയി നൽകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഡാലസിൽ നടന്ന റിപ്പബ്ലിക്കൻ മിഡ്‌ടേം കൺവെൻഷനിൽ സംസാരിക്കവെയാണ് വോട്ടർമാരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നിർണായക പ്രഖ്യാപനം. പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ ഒരു ട്രില്യൺ ഡോളറിലധികം തുക രാജ്യം അതിൽ തന്നെ സമ്പാദിക്കുന്നുണ്ടെന്നും, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ താൻ തന്നെയാണ് സ്ഥാനാർഥിയെന്ന് കരുതി വോട്ട് രേഖപ്പെടുത്തണമെന്നും ട്രംപ് പ്രവർത്തകരോട് അഭ്യർഥിച്ചു.
ഇറാനുമായുള്ള യുദ്ധം മൂലം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നെങ്കിലും, തിരഞ്ഞെടുപ്പ് കഴിയുന്നതോടെ എണ്ണവില കുത്തനെ കുറയുമെന്ന് ട്രംപ് അവകാശപ്പെട്ടു. യു.എസ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ യുദ്ധം അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പബ്ലിക്കൻ ഭരണത്തിന് കീഴിൽ നടപ്പിലാക്കിയ നികുതി ഇളവുകൾ, അതിർത്തി സുരക്ഷ ശക്തമാക്കൽ, മരുന്നുകളുടെ വിലക്കുറവ് എന്നിവ പ്രധാന നേട്ടങ്ങളായി ട്രംപ് ഉയർത്തിക്കാട്ടി. ഡെമോക്രാറ്റുകൾ ജയിച്ചാൽ യുഎസ് ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, രാജ്യത്ത് തുടരുന്ന രൂക്ഷമായ വിലക്കയറ്റവും ഇറാൻ യുദ്ധവും വോട്ടർമാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്ന് പുതിയ സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെ ജനപ്രീതി നിരക്ക് 30 ശതമാനത്തിലേക്ക് താഴ്ന്ന പശ്ചാത്തലത്തിൽ, പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ ഹൗസിലും സെനറ്റിലും ഭൂരിപക്ഷം നേടുമെന്നാണ് പ്രവചനങ്ങൾ. ഈ സാഹചര്യത്തിലാണ് തിരിച്ചുവരവിനായി ‘ട്രംപ് ഡിവിഡന്റ്’ അടക്കമുള്ള വൻ വാഗ്ദാനങ്ങളുമായി റിപ്പബ്ലിക്കൻ പാർട്ടി തരംഗം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.












