വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ബാറ്റിംഗ് സൗഹൃദ പിച്ചുകളെ വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ സദഗോപൻ രമേഷ്. സ്വന്തം മണ്ണിൽ നടന്ന മത്സരങ്ങളിലെ ഫ്ലാറ്റ് പിച്ചുകൾ 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ ഒരുക്കങ്ങൾക്ക് അനുയോജ്യമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. റണ്ണൊഴുകിയ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയെങ്കിലും, ഇത്തരമൊരു പിച്ചിൽ കളിക്കുന്നത് ബൗളർമാരുടെ ആത്മവിശ്വാസം തകർക്കുമെന്നും ബാറ്റർമാരിൽ അമിത ആത്മവിശ്വാസം വളർത്തുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയിലാണ് അടുത്ത ലോകകപ്പ് നടക്കാനിരിക്കുന്നത് എന്നതിനാൽ ബൗളർമാർക്ക് നിർണായക സ്വാധീനമുള്ള പിച്ചുകളാകും അവിടെയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പരമ്പരയിലുടനീളം ബാറ്റർമാരാണ് ആധിപത്യം പുലർത്തിയതെന്നും ശരാശരി ഓവറിൽ 7.5 റൺസ് വീതം സ്കോർ ചെയ്യപ്പെട്ടതായും രമേഷ് ചൂണ്ടിക്കാട്ടി. ആകെ വീണത് 33 വിക്കറ്റുകൾ മാത്രമാണെന്നും ബൗളിംഗ് ശരാശരി 63 ആണെന്നത് ബൗളർമാർക്ക് ഈ പരമ്പരയിൽ യാതൊരു പങ്കുമില്ലായിരുന്നുവെന്ന് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2027 ലോകകപ്പിൽ ബോളിംഗിനും ബാറ്റിംഗിനും സമതുലിതാവസ്ഥയുള്ള കൂടുതൽ വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽ കളിക്കാൻ ഇന്ത്യ തയ്യാറാകണമെന്നും വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലൂടെ ആ അവസരമാണ് ഇന്ത്യക്ക് നഷ്ടമായതെന്നും രമേഷ് കൂട്ടിച്ചേർത്തു.












