ബംഗ്ലാദേശിലെ മുൻ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവും നോബൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസിന് ന്യൂയോർക്കിലെ വിമാനത്താവളത്തിൽ വെച്ച് പ്രവാസി ബംഗ്ലാദേശികളുടെ കടുത്ത പ്രതിഷേധവും അപമാനവും നേരിടേണ്ടി വന്നു. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനു ശേഷം രാജ്യത്ത് ഭരണനേതൃത്വം വഹിച്ച യൂനുസ്, പദവിയിൽ നിന്നും സ്ഥാനമൊഴിഞ്ഞ ശേഷം നടത്തുന്ന ആദ്യ വിദേശയാത്രയ്ക്കിടെയാണ് ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി (JFK) അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അപമാനിക്കപ്പെട്ടത്. “നീ ഒരു ഭീകരനാണ്, ബംഗ്ലാദേശിൽ ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ശേഷം എന്തിനാണ് ഇവിടെ വന്നത്?” എന്ന് ആക്രോശിച്ചാണ് പ്രവാസികൾ യൂനുസിനെ വളഞ്ഞത്.
ഖത്തർ എയർവേയ്സ് വിമാനത്തിൽ ദോഹ വഴി ന്യൂയോർക്കിലെ ടെർമിനൽ 8-ൽ എത്തിയ യൂനുസിനെ വീൽചെയറിൽ പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ബംഗ്ലാദേശിൽ ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണക്കാരനായെന്നും, രണ്ടു ലക്ഷത്തിലധികം ആളുകളെ വ്യാജ കേസുകളിൽ തടവിലാക്കിയെന്നും പ്രക്ഷോഭകർ ആരോപിച്ചു. “നാടുകടത്തുക”, “തിരികെ പോകുക” എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ച പ്രക്ഷോഭകരിൽ നിന്ന് രക്ഷപ്പെടാൻ യൂനുസും അദ്ദേഹത്തോടൊപ്പം ഉണ്ടായ ലാമിയ മോർഷെദും വിമാനത്താവളത്തിന് അകത്തേക്ക് തന്നെ പിൻവാങ്ങി. ഒടുവിൽ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടാണ് യൂനുസിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
അവാമി ലീഗ് അനുഭാവികളായ പ്രവാസികളാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന ഭരണകൂടം വീണതിന് ശേഷം ബംഗ്ലാദേശിൽ നടന്ന അക്രമ സംഭവങ്ങൾ, ഭരണഘടന ലംഘനങ്ങൾ, ന്യൂനപക്ഷങ്ങൾക്കും ഹിന്ദു ക്ഷേത്രങ്ങൾക്കും നേരെ നടന്ന അതിക്രമങ്ങൾ എന്നിവ തടയുന്നതിൽ യൂനുസിന്റെ ഇടക്കാല സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന ആരോപണം ശക്തമായിരുന്നു. മാത്രവുമല്ല, ഗ്രാമീൺ ഗ്രൂപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളിലും അക്രമങ്ങളിലെ അന്വേഷണ പരിധിയിൽ നിന്നും പ്രക്ഷോഭകരെ ഒഴിവാക്കിയ വിവാദ ഉത്തരവുകളിലും യൂനുസിനെതിരെ ചോദ്യം ചെയ്യലുകൾ വേണമെന്ന ആവശ്യവും നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് അന്താരാഷ്ട്ര തലത്തിലും അദ്ദേഹത്തിന് വൻ തിരിച്ചടി നേരിടുന്നത്.












