ഐ.പി.എൽ 2027 സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് ഇതിഹാസം എം.എസ് ധോണി കളിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. തന്റെ ഭാവി കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്ന് മുൻ ചെന്നൈ ക്യാപ്റ്റൻ വ്യക്തമാക്കി. മെഡിക്കൽ പരിശോധനാ ഫലങ്ങളും ശാരീരികക്ഷമതയും വിലയിരുത്തിയ ശേഷം ഡിസംബറിന് മുൻപായി അടുത്ത സീസണിൽ കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് ധോണി വെളിപ്പെടുത്തി.
കഴിഞ്ഞ സീസൺ മുഴുവൻ കാഫ് ഇഞ്ചുറി (കുതികാൽ പരിക്ക്) കാരണം ധോണിക്ക് നഷ്ടമായിരുന്നു. ഇതോടെ താരം വിരമിച്ചേക്കുമെന്ന തരത്തിൽ വൻ പ്രചാരണങ്ങൾ നടന്നിരുന്നുവെങ്കിലും, വിരമിക്കൽ വാർത്തകൾ പൂർണ്ണമായും സ്ഥിരീകരിക്കാൻ താരം തയ്യാറായില്ല. ബംഗളൂരുവിൽ നടന്ന ഒരു ആരോഗ്യ സംബന്ധിയായ പരിപാടിയിൽ പങ്കെടുക്കവേയാണ് തന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള വിവരങ്ങൾ ധോണി പങ്കുവെച്ചത്. ഡോക്ടർമാർ നൽകുന്ന മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ഫിറ്റ്നസിനെ തമാശരൂപേണ ഉപമിച്ച ധോണി, റോഡിലിറങ്ങാൻ ഈ പഴയ വാഹനം യോഗ്യമാണോ എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഇപ്പോൾ ഡോക്ടർമാർക്കാണെന്നും തമാശയായി പറഞ്ഞു. അതിനാൽ തന്നെ അന്തിമ തീരുമാനം എടുക്കുന്നതിലെ സമ്മർദ്ദം ഡോക്ടർമാർക്കാണെന്നും താരം കൂട്ടിച്ചേർത്തു. അടുത്ത സീസണിന് മുന്നോടിയായി സഹീർ ഖാനെ ചെന്നൈ സൂപ്പർ കിങ്സ് പുതിയ ഹെഡ് കോച്ചായി നിയമിച്ചിട്ടുണ്ട്. ഈ നിയമനത്തിൽ ധോണി നിർണായക പങ്കുവഹിച്ചതായാണ് വിവരങ്ങൾ. കളിക്കാരനായി മൈതാനത്തിറങ്ങിയില്ലെങ്കിലും ലേലത്തിലും ടീമിന്റെ മറ്റ് പദ്ധതികളിലും ധോണിയുടെ സാന്നിധ്യം സി.എസ്.കെയ്ക്ക് നിർണായകമാകും.
ഐ.പി.എൽ 2027 സീസണി മുന്നോടിയായുള്ള ഫ്രാഞ്ചൈസികളുടെ താരം നിലനിർത്തൽ (റിട്ടൻഷൻ) അവസാന തീയതി നവംബർ 15 ആണ്. ഇതിനാൽ തന്നെ ധോണിയുടെ തീരുമാനം കാത്തിരിക്കുകയാണ് സി.എസ്.കെ മാനേജ്മെന്റ്. അടുത്ത സീസണിൽ കളിക്കണമോ വേണ്ടയോ എന്ന പൂർണ്ണ സ്വാതന്ത്ര്യം ധോണിക്ക് നൽകിയിട്ടുണ്ടെന്ന് ചെന്നൈ സൂപ്പർ കിങ്സ് സി.ഇ.ഒ കാശി വിശ്വനാഥൻ വ്യക്തമാക്കി. ധോണിയുടെ തിരിച്ചുവരവിന്റെ സാധ്യതകൾ ചെന്നൈ തള്ളിക്കളഞ്ഞിട്ടില്ലാത്തതിനാൽ, മെഡിക്കൽ പരിശോധനകൾക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകവും ആരാധകരും.











