വ്യാപാരികളുടെയും ബിജെപിയുടെയും കടുത്ത എതിർപ്പുകൾ മറികടന്ന് നവംബർ ഒന്നിന് ദില്ലിയിൽ പത്ത് ലക്ഷം പേരെ അണിനിരത്തി മഹാറാലി നടത്താനുള്ള തീരുമാനവുമായി കോൺഗ്രസ് മുന്നോട്ട്. റാലി മാറ്റിവെക്കണമെന്ന ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രീസ് നൽകിയ കത്ത് തള്ളിയ എഐസിസി, നിശ്ചിത തീയതിയിൽ തന്നെ സമരം നടത്തുമെന്ന് വ്യക്തമാക്കി. റാലിക്ക് മുന്നോടിയായി ഒക്ടോബർ 30 മുതൽ ദില്ലിയിൽ സന്നിഹിതരാകാൻ സഖ്യകക്ഷി നേതാക്കൾക്കും പാർട്ടിയുടെ മുതിർന്ന ഭാരവാഹികൾക്കും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിപക്ഷ ഐക്യത്തിന്റെ കരുത്ത് തെളിയിക്കുന്ന വലിയൊരു ശക്തിപ്രകടനമാക്കി ഈ റാലിയെ മാറ്റാനാണ് പ്രതിപക്ഷ മുന്നണിയുടെ നീക്കം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക വിചാരണ ഉൾപ്പെടെയുള്ള ശക്തമായ പ്രതിഷേധ പരിപാടികളാണ് പ്രതിപക്ഷം ആസൂത്രണം ചെയ്യുന്നത്. ദില്ലിയിലെ സ്വകാര്യ ഹോട്ടലിൽ നടക്കുന്ന പ്രതീകാത്മക വിചാരണയിൽ മുൻ ജഡ്ജിമാരടക്കം പങ്കെടുക്കും. വരാനിരിക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് നൽകാനും തീരുമാനമായിട്ടുണ്ട്. വിദേശത്തുള്ള രാഹുൽ ഗാന്ധി തിരിച്ചെത്തുന്നതോടെ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.
അതേസമയം, സിഖ് കലാപത്തിന്റെ വാർഷിക ദിനത്തിൽ മഹാറാലി പ്രഖ്യാപിച്ചതിനെതിരെ ബിജെപി കടുത്ത വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് തീരുമാനം സിഖ് സമൂഹത്തിന്റെ മുറിവിൽ ഉപ്പു തേക്കുന്നതിന് തുല്യമാണെന്നും വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും ബിജെപി ആരോപിച്ചു. തലസ്ഥാനത്ത് നിരന്തരമായി നടക്കുന്ന തെരുവ് പ്രതിഷേധങ്ങൾ ഉത്സവകാല കച്ചവടത്തെ സാരമായി ബാധിക്കുന്നുവെന്ന വ്യാപാരികളുടെ പരാതിയും ബിജെപി വിഷയം ഏറ്റെടുത്തതും പുതിയ രാഷ്ട്രീയ പോർമുഖ തുറന്നിട്ടുണ്ടെങ്കിലും, പ്രതിഷേധ പരിപാടികളിൽ മാറ്റമില്ലെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസും പ്രതിപക്ഷ മുന്നണിയും.










