എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപേഴ്സണായിരിക്കെ സ്ഥാപനത്തിന്റെ ചെലവിൽ സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണങ്ങൾ പൂർണ്ണമായി നിഷേധിച്ച് ശോഭന ജോർജ്. ഔഷധിയിൽ താൻ ഒരുതരത്തിലുള്ള ചികിത്സയും നടത്തിയിട്ടില്ലെന്നും തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് തെളിവുകൾ ഉണ്ടെങ്കിൽ അത് പുറത്തുവിടാൻ തയ്യാറാകണമെന്നും ശോഭന ജോർജ് വെല്ലുവിളിച്ചു. നിയമസഭയിൽ തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് വി.പി. സജീന്ദ്രനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.
ഔഷധി ചെയർപേഴ്സണായിരിക്കെ സ്വന്തം ഭംഗി കൂട്ടാനായി ഔദ്യോഗിക ഫണ്ടും ഡോക്ടർമാരുടെ സേവനവും ശോഭന ജോർജ് ദുരുപയോഗം ചെയ്തു എന്നായിരുന്നു നിയമസഭയിൽ ഉയർന്ന ആരോപണം. 3 കിലോ ചെമ്പരത്തിപ്പൂമൊട്ടും കോഴിമുട്ടകളും ഉപയോഗിച്ച് പഞ്ചകർമ ആശുപത്രിയിലെ ഡീലക്സ് എസി മുറിയിൽ പ്രത്യേക ചികിത്സ നടത്തിയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലുണ്ടെന്നാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ മുട്ടയും ചെമ്പരത്തി മൊട്ടും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോയെന്ന് ശോഭന ജോർജ് പരിഹസിച്ചു. തനിക്കെതിരെ ബോധപൂർവ്വം നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അവർ ഉറപ്പിച്ചു പറഞ്ഞു.












