പാകിസ്ഥാനെ പിന്തുണച്ച് വിവാദ പരാമർശം നടത്തിയ നാഷണൽ കോൺഫറൻസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഡോ. ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ ജനങ്ങളെ പാകിസ്ഥാൻ സംരക്ഷിക്കുകയാണെന്ന ഫാറൂഖ് അബ്ദുള്ളയുടെ അവകാശവാദം ചരിത്ര യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതാണെന്നും പാകിസ്ഥാൻ ഒരിക്കലും ജമ്മു കശ്മീരിലെ ജനങ്ങളുടെ മിത്രമായിരുന്നില്ലെന്നും ആസാദ് തുറന്നടിച്ചു. ഇതിനുപുറമെ, രാജ്യദ്രോഹപരമായ പ്രസ്താവന നടത്തിയതിന് ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പൊലീസിനെ സമീപിച്ചു.
ബാരാമുല്ലയിൽ നടന്ന പാർട്ടി യോഗത്തിലായിരുന്നു പാകിസ്ഥാൻ അന്താരാഷ്ട്ര തലത്തിൽ വിഷയം ഉന്നയിക്കുന്നത് കൊണ്ടാണ് ജമ്മു കശ്മീരിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കപ്പെടുന്നതെന്ന വിവാദ പ്രസ്താവന ഫാറൂഖ് അബ്ദുള്ള നടത്തിയത്. ഇതിനെതിരെ ആഞ്ഞടിച്ച ഗുലാം നബി ആസാദ്, 1947 ലെ വിഭജനം മുതൽ പാകിസ്ഥാൻ പിന്തുണയ്ക്കുന്ന ഭീകരവാദവും നുഴഞ്ഞുകയറ്റവും കാരണം ആയിരക്കണക്കിന് നിരപരാധികളായ മനുഷ്യരാണ് കശ്മീരിൽ കൊല്ലപ്പെട്ടതെന്ന് ഓർമ്മിപ്പിച്ചു. കശ്മീരിലെ വിദ്യാഭ്യാസത്തിനോ ആരോഗ്യ രംഗത്തിനോ വികസനത്തിനോ പാകിസ്ഥാൻ എന്താണ് സംഭാവന നൽകിയതെന്നും, തോക്കുകളുടെയും മയക്കുമരുന്നിന്റെയും നിഴലിലല്ല പകരം പുസ്തകങ്ങളും കമ്പ്യൂട്ടറുകളും ഏന്തിയുള്ള ഭാവിയിലേക്കാണ് കശ്മീരിലെ യുവാക്കൾ വളരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിൽ കോൺഗ്രസ് ആയാലും ബിജെപി ആയാലും മാറിമാറി വന്ന സർക്കാരുകളാണ് ജമ്മു കശ്മീരിന്റെ വികസനത്തിന് ശതകോടികളുടെ പദ്ധതികൾ നടപ്പിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണി ഉയർത്തുന്ന രീതിയിൽ പ്രസ്താവന നടത്തിയതിന് ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ‘പനൂൻ കശ്മീർ’ (Panun Kashmir), ‘ജമ്മു സ്റ്റേറ്റ് പീപ്പിൾസ് മൂവ്‌മെന്റ്’ (JSPM) എന്നീ സംഘടനകൾ ജമ്മുവിലെ ചന്നി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിതയിലെ (BNS) 152, 196, 197 തുടങ്ങിയ വകുപ്പുകൾ പ്രകാരം നടപടിയെടുക്കണമെന്നും യോഗത്തിന്റെ പൂർണ്ണ രൂപത്തിലുള്ള വീഡിയോ ശേഖരിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് സംഘടനകളുടെ ആവശ്യം. സംഭവം കശ്മീ രാഷ്ട്രീയത്തിലും ദേശീയതലത്തിലും വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.












