മുംബൈ: വിവാദമായ ആദര്‍ശ് സമുച്ചയം പൊളിക്കണമെന്ന് ഉത്തരവ്. ബോംബെ ഹൈക്കോടതിയുടേതാണ് ഉത്തരവ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2011-ല്‍ സമുച്ചയം പൊളിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരായി ഫ്ലാറ്റുടമകള്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
നേരത്തേ, ആദര്‍ശ് കുംഭകോണത്തില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. വിമുക്ത ഭടന്മാര്ക്കും കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ വിധവകള്‍ക്കും കുടുംബത്തിനുമായി അനുവദിച്ച ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി ഫ്ളാറ്റുകള്‍ അനധികൃതമായി ബന്ധുക്കള്‍ക്ക് വേണ്ടി കൈവശപ്പെടുത്തിയെന്നും വാടകയ്ക്ക് കൊടുക്കാന്‍ അനുവദിച്ചുവെന്നുമാണ് ചവാനെതിരായ ആരോപണം. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ഇത്തരത്തില്‍ ഫ്ലാറ്റുകള്‍ കൈവശപ്പെടുത്തിയിരുന്നു.
മാര്‍ക്കറ്റ് വിലയിലും താഴെയാണ് ഇവരില്‍ പലരും ഫ്ലാറ്റ് വാങ്ങിയത്. കൂടാതെ സമുച്ചയത്തിന് അനുവദനീയമായതിലും കൂടുതല്‍ നിലകള്‍ നിര്‍മിക്കാന്‍ നിയമവിരുദ്ധമായി അനുമതി നല്‍കിയെന്നും കുംഭകോണം അന്വേഷിച്ച സിബിഐ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. ഇതിനു പ്രതിഫലമായി ചവാന്റെ ഭാര്യാ മാതാവടക്കം മൂന്നു ബന്ധുക്കള്‍ക്ക് ആദര്‍ശില്‍ ഫ്ലാറ്റ് ലഭിച്ചെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് 2010ല്‍ ചവാന് മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചിരുന്നു.
Discussion about this post