റാഞ്ചി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പുതിയ വഴിത്തിരിവ്. ചോദ്യപേപ്പർ ചോർന്നത് ഹസാരിബാഗിലെ ഒയാസിസ് സ്കൂളിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോൾ ഈ സ്കൂളിന്റെ പ്രിൻസിപ്പൽ ആയ ഇഹ്സാൻ ഉൾ ഹഖിനെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ് സിബിഐ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് എന്നും അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും എന്നും സൂചനയുണ്ട്.
നാലുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇഹ്സാൻ ഉൾ ഹഖിനെ സിബിഐ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. തെളിവുകളും വസ്തുതകളും പ്രതികളുടെ കുറ്റസമ്മത മൊഴികളും സ്കൂൾ പ്രിൻസിപ്പലിന് എതിരാണ് എന്നാണ് സിബിഐയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജാർഖണ്ഡിലെ ചോദ്യപേപ്പർ ചോർച്ച ആസൂത്രിതമാണെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
ഈ മാസം നാലിനായിരുന്നു NEET-UG ഫലം പ്രഖ്യാപിച്ചിരുന്നത്. പരമാവധി 720 മാർക്ക് നേടി 67 ഉദ്യോഗാർത്ഥികൾ പരീക്ഷയിൽ ഒന്നാമതെത്തിയത് പരീക്ഷയുടെ സമഗ്രതയെക്കുറിച്ച് സംശയമുയരുന്നതിന് കാരണമാവുകയായിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ച അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചോദ്യപേപ്പർ ചോർച്ച കണ്ടെത്തുകയും കേസ് സിബിഐക്ക് കൈമാറുകയുമായിരുന്നു. നിലവിൽ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട 6 കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്.
Discussion about this post