ലഖ്നൗ: ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ ബലമായി പ്രവേശിക്കുന്നത് ശരിയല്ലെന്ന് യു.പിയിലെ ആദ്യ വനിതാ ഖാസി ഹീന സാഹിര്‍. മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപൂര്‍ ക്ഷേത്രത്തിലും ഹാജി അലി ദര്‍ഗയിലും പ്രവേശിക്കാന്‍ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി നടത്തിയ നീക്കങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹീന സാഹിര്‍. കോടതിയെ സമീപിച്ച് ശനി ഷിഗ്നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നേടിയ തൃപ്തി, കഴിഞ്ഞ ദിവസം ഹാജി അലി ദര്‍ഗയില്‍ ബലമായി പ്രവേശിക്കാന്‍ ശ്രമിച്ചിരുന്നു. ക്ഷേത്രമായാലും മോസ്ക് ആയാലും അവിടെ ബലമായി പ്രവേശിക്കുന്നത് ശരിയല്ല. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തികളില്‍ തൃപ്തി ഏര്പ്പെടരുതായിരുന്നെന്നും അവര്‍ പറഞ്ഞു.
വ്യാഴാഴ്ചയാണ് ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കാന്‍ തൃപ്തി ശ്രമിച്ചത്. തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയും അവരെ പ്രവേശന കവാടത്തില്‍ തടയുകയും ചെയ്തു. യുവതികള്‍ക്ക് പ്രവേശനാനുമതിയില്ലാത്ത ശബരിമലയില്‍ കയറുമെന്ന് തൃപ്തി ദേശായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Discussion about this post