ഡല്‍ഹി: പെട്രോളിയം മന്ത്രാലയത്തിന്റെ രഹസ്യരേഖകള്‍ ചോര്‍ത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥനായ വിരേന്ദ്രകുമാറാണ് അറസ്റ്റിലായത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരിക്കുയാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി
ഇന്നലെ നോയിഡയില്‍ ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട കണ്‍സല്‍റ്റന്‍സി നടത്തുന്ന ലോകേഷ് ശര്‍മ്മയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു .രഹസ്യരേഖഖകള് ചോര്‍ത്തിയ കേസില്‍ രണ്ടാമത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി ക്രൈംബ്രാഞ്ച് അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കി.
പെട്രോളിയം മന്ത്രാലയത്തിന്റെ രേഖകള്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് ലോകേഷ് ശര്‍മ്മയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കല്‍ക്കരി, ഊര്‍ജ്ജ മന്ത്രാലയ രേഖകള്‍ ചോര്‍ത്തിയതിന്റെ തെളിവുകള്‍ പുറത്തു വന്നത്. ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ച് ഗുഡാലോചന, അനുവാദമില്ലാതെ അതിക്രമിച്ചു കടക്കല്‍, തട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് ലോകേഷ് ശര്‍മ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. രേഖകള്‍ ചോര്‍ന്ന കല്‍ക്കരി മന്ത്രാലയത്തിലെത്തിയ പോലീസ് തെളിവെടുപ്പ് നടത്തി.
അതിനിടെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നും ചോര്‍ന്ന രഹസ്യരേഖകള്‍ പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും കടന്നിട്ടുണ്ടാകാമെന്ന സംശയത്തിലാണ് പോലീസ്. നേരത്തെ അറസ്റ്റിലായ കണ്‍സല്‍റ്റന്റ് പ്രയാസ് ജയിനിന്റെ വെബ്സൈറ്റ് പരിശോധിച്ചപ്പോള്‍ ചില വിദേശീയരുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായി തെളിഞ്ഞിരുന്നു.ഊര്‍ജ്ജ,കല്‍ക്കരി, എണ്ണ,പ്രകൃതിവാതക മേഖലകളിലായി 250 ഓളം ഇടപാടുകാരാണ് പ്രയാസ് ജയിന് ആഗോളതലത്തിലുണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തി. ഇടപാടുകാരുടെ ആവശ്യപ്രകാരം രഹസ്യവിവരങ്ങള്‍ ശേഖരിച്ചു നല്കുകുന്ന ഇയാള്‍ക്ക് , ഓരോ രേഖകള്‍ക്കും ഒരു ലക്ഷത്തിനു മുകളിലായിരുന്നു വിദേശ കമ്പനികള്‍ പ്രതിഫലം നല്‍കിയിരുന്നത്.
Discussion about this post