ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാട് അഴിമതിയുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി ഉയര്‍ത്തിക്കാണിച്ച രേഖകള്‍ അദ്ദേഹം സാക്ഷ്യപ്പെടുത്തി രാജ്യസഭാ സെക്രട്ടേറിയറ്റിന് സമര്‍പ്പിച്ചു. ബുധനാഴ്ചയായിരുന്നു ഈ രേഖകളുമായി സ്വാമി രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് എത്തിയത്. ഡെപ്യൂട്ടി ചെയര്മാന് പി.ജെ കുര്യന്റെ നിര്‍ദേശ പ്രകാരമാണ് രേഖകള്‍ സാക്ഷ്യപ്പെടുത്തി സമര്‍പ്പിച്ചത്.സ്വാമി രേഖകള്‍ സമര്‍പ്പിച്ചതായി വി.പി. സിംഗ് ബാദനോര് പറഞ്ഞു. ഇത് രാജ്യസഭാ സെക്രട്ടേറിയറ്റില്‍ ലഭ്യമാണെന്നും ഇതേക്കുറിച്ച് ഉടന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യസഭയില്‍ ബുധനാഴ്ച സ്വാമി വായിച്ച രേഖകള്‍ അദ്ദേഹത്തിന് എങ്ങനെ ലഭിച്ചുവെന്നും അവ സഭയുടെ മേശപ്പുറത്തു വയ്ക്കണമെന്നുമുള്ള ഉപാധ്യക്ഷന്റെ റൂളിംഗ് അനുസരിക്കാത്തതെന്തെന്നും കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മ, ജയറാം രമേശ് എന്നിവര്‍ ചോദിച്ചിരുന്നു. സിബിഐയുടെതെന്നും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റേതെന്നും പറഞ്ഞായിരുന്നു ഈ രേഖകള്‍ സ്വാമി വായിച്ചത്.
Discussion about this post