ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഇരുപതോളം മണ്ഡലങ്ങളില്‍ ബിജെപി ജയത്തിലേക്കെന്ന് വിലയിരുത്തല്‍. അവസാന ഘട്ട പ്രചരണം സമാപിക്കുമ്പോള്‍ ബിജെപി വലിയ മുന്നേറ്റം കാഴ്ച വെക്കുമെന്നാണ് വിലയിരുത്തല്‍. ബിജെപി ഇത്തവണ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുമെന്ന നിരീക്ഷണത്തില്‍ നിന്ന് നിരവധി മണ്ഡലങ്ങളില്‍ എന്‍ഡിഎ ജയിച്ചു കയറുമെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍.
സംസ്ഥാനത്തുടനീളം ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ഇടത് വലത് മുന്നണികള്‍ ചേര്‍ന്ന് എന്‍ഡിഎയെ തോല്പിക്കുക എന്ന ബിജെപി ശക്തമായ മണ്ഡലങ്ങളില്‍ ചെയ്യാറുള്ള പതിവ് അടവ് നയം ഇത്തവണ നടക്കില്ല എന്നാണ് അവസ്ഥ. മൂന്ന് സ്ഥാനാര്‍ത്ഥികളും ഒരു പോലെ വിജയം അവകാശപ്പെടുന്ന മണ്ഡലങ്ങളില്‍ ആര് വിട്ട് വീഴ്ച ചെയ്യും എന്നതാണ് പ്രശ്നം. അത്തരത്തില്‍ നാല്പതോളം മണ്ഡലങ്ങള്‍ ഉണ്ടെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ഒരു അഡ്ജസ്റ്റ്മെന്റും നടക്കാത്ത അത്തരം മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് കയറുമെന്നും അവര്‍ വിലയിരുത്തുന്നു.
തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ്, നേമം കഴക്കൂട്ടം മണ്ഡലങ്ങളില്‍ ബിജെപി ജയം ഉറപ്പിച്ചുവെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. കാട്ടാക്കട, കോവളം, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരമാണ് നടത്തുന്നത്. തിരുവനന്തപുരം ജില്ലയില്‍ ഈ ആറ് സീറ്റിലും ബിജെപിയ്ക്ക് ജയസാധ്യതയുണ്ട്.
ചതുഷ്കോണ മത്സരം നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും എന്‍ഡിഎ ജയിക്കാനുള്ള സാധ്യത നിലനില്ക്കുന്നു. മധ്യകേരളത്തില്‍ ചെങ്ങന്നൂരും, ദേവികുളവും, പൂഞ്ഞാറുമാണ് എന്‍ഡിഎ അപ്രതീക്ഷിത ജയം പ്രതീക്ഷിക്കുന്ന ഈ മണ്ഡലങ്ങള്‍. ഇതില്‍ ചെങ്ങന്നൂര്‍ ബിജെപി ജയം ഉറപ്പിച്ചു കഴിഞ്ഞെന്ന് ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് പിഎസ് ശ്രീധരന് പിള്ളയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഇവിടെ ശോഭന ജോര്‍ജ്ജ് എന്ന കോണ്‍ഗ്രസ് വിമത യുഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കും. ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണയും ശോഭന ജോര്‍ജ്ജിനാണ്. വലിയ തോതിലുള്ള പ്രചരണമാണ് ഇവര്‍ മണ്ഡലത്തില്‍ അഴിച്ച് വീടുന്നത്. എന്നാല്‍ അതൊന്നും വലിയ ഭീഷണിയാവില്ലെന്ന് നിലവിലെ എംഎല്‍എയും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി.സി വിഷ്ണുനാഥ് പറയുന്നുണ്ടെങ്കിലും യുഡിഎഫ് നിരയില്‍ ആത്മവിശ്വാസകുറവുണ്ട്, നായര്‍ വോട്ടുകളില്‍ വലിയൊരു വിഭാഗം ഇത്തവണ പി.എസ് ശ്രീധരന് പിള്ളയ്ക്ക് ഒപ്പമാണ്. എല്‍ഡിഎഫാകട്ടെ തുടക്കം മുതല്‍ പ്രചരണത്തില്‍ ഏറെ പിന്നിലാണ്. കെ.കെ രാമചന്ദ്രന് നായരാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
പൂഞ്ഞാറില്‍ മുന്നണികളെ വെല്ലുവിളിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും നിലവിലെ എംഎല്‍എയുമായ പി.സി ജോര്‍ജ്ജ് മുന്നേറുമ്പോള്‍ ഏറെ ആശ്വാസം എന്‍ഡിഎ ക്യാമ്പുകളിലാണ്. ശക്തമായ ചതുഷ് കോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ ജയിച്ച് കയറാനുള്ള ശക്തി ബിഡിജെഎസിനുണ്ട്. ത്രികോണ മത്സരം നടക്കുന്ന ഉടുമ്പന്‍ ചോലയിലും, തൊടുപുഴയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഏറെ മുന്നിലാണ്. കുട്ടനാട്, ആറന്മുള മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയപ്രതീക്ഷ ഉണര്‍ത്തി കഴിഞ്ഞു.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ബിജെപിയ്ക്ക് അനുകൂലമായ അടിയൊഴുക്കിനെയാണ് ഇടത് വലത് മുന്നണികള്‍ പേടിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം കണക്ക് കൂട്ടിയതിലും അപ്പുറത്തുള്ള വിജയമാണ് ബിജെപി നേടിയത്. അത് നിയമസഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് അവരുടെ കണക്ക് കൂട്ടല്‍. കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കാണുന്ന വലിയ ആള്‍ക്കൂട്ടം എതിര്‍സ്ഥാനാര്‍ത്ഥികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. എക്സൈസ് വകുപ്പ് മന്ത്രി കെ ബാബുവും, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജുമാണ് ഇവിടെ വലത്-ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍.
തൃശ്ശൂര്‍ ജില്ലയിലെ മണലൂരും, കൊടുങ്ങല്ലൂരും ബിജെപി ജയപ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ മലമ്പുഴയിലും പാലക്കാടും അട്ടിമറി വിജയം എന്ന് ഉറപ്പിലാണ് അവസാനഘട്ട പ്രചാരണം പുരോഗമിക്കുന്നത്.
പാലക്കാട് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത് വലിയ ഉണര്‍വ്വാണ് പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ചത്. ഈഴവ വോട്ടുകള്‍ വിധി നിര്‍ണയിക്കുന്ന മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദനെ തറപറ്റിക്കാന്‍ ബിജെപി ജില്ല പ്രസിഡണ്ട് സി കൃഷ്ണകുമാറിന് കഴിയുമെന്നാണ് ബിജെപി ജില്ല നേതാക്കള്‍ പറയുന്നത്. മണ്ഡലത്തില്‍ ബിഡിജെഎസ് പിന്തുണയോടെ വിഎസിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ കൃഷ്ണകുമാറിന് കഴിഞ്ഞിട്ടുണ്ട്. പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനും ഏറെ പ്രതീക്ഷയിലാണ്.
വടക്കന്‍ ജില്ലകളില്‍ എട്ടോളം മണ്ഡലങ്ങളില്‍ ത്രികോണ മത്സരമുണ്ടെങ്കിലും മൂന്ന് സീറ്റിലെങ്കിലും ബിജെപി ജയ പ്രതീക്ഷ വെക്കുന്നുണ്ട്, മഞ്ചേശ്വരം, കാസര്‍ഗോഡ്, കുന്ദമംഗലം മണ്ഡലങ്ങളില്‍ എന്‍ഡിഎ ജയപ്രതീക്ഷ വെക്കുന്നു. മഞ്ചേശ്വരം കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ ഇടത്-വലത് മുന്നണികള്‍ വോട്ട് ധാരണയുണ്ടാക്കാനുള്ള സാധ്യത തള്ളികളയാനാവില്ല.
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ആദിവാസി നേതാവുമായി സി.കെ ജാനു വലിയ മുന്നേറ്റമാണ് പ്രചരണത്തില്‍ കാഴ്ച വെക്കുന്നത്. നിഷ്പക്ഷ വോട്ടുകള്‍ ലഭിച്ചാല്‍ അപ്രതീക്ഷിത വിജയം നേടാനുള്ള സാധ്യതയുണ്ടെന്നാണ് ബിജെപി എന്‍ഡിഎ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. ഇടത് വലത് മുന്നണികള്‍ക്കെതിരായ ശക്തമായ വികാരം തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ദൃശ്യമാണെന്നും, അത് വോട്ടെടുപ്പില്‍ പ്രതിഫലിച്ചാല്‍ വലിയ ജയം തന്നെ കേരളത്തില്‍ നേടുമെന്നും എന്‍ഡിഎ നേതാക്കള്‍ വിലയിരുത്തുന്നു.
Discussion about this post