ഹൈദരാബാദ് : രോഹിത് വെമുലയുടെ ആത്മഹത്യ വിഷയത്തില്‍ എസ് എഫ് ഐയുടെ ഇരട്ടത്താപ്പിലും രഹസ്യ അജണ്ടകളിലും പ്രതിഷേധിച്ച് എസ്എഫ്ഐയില്‍ നിന്ന് രാജിവച്ചയാളാണ് ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് ജനറല്‍ സെക്രട്ടറി കൂടിയായ രാജു കുമാര്‍ സാഹു. രോഹിത് വെമൂല വിഷയത്തില്‍ വളരെ ഗുരുതരമായ ആരോപണങ്ങളാണ് സാഹു ഉയര്‍ത്തുന്നത്.
രോഹിതെ വെമൂലയുടെ മരണത്തിലും, തുടര്‍ന്നു നടക്കുന്ന പ്രതിഷേധ സമരങ്ങളിലും വലിയ ഗൂഢാലോചനയുണ്ടെന്ന ആരോപണമാണ് എസ്എഫ്ഐയില്‍ നിന്ന് രാജിവച്ച രാജു കുമാര്‍ സാഹു ഉയര്‍ത്തുന്നത്. ഹൈദരബാദ് സര്‍വ്വകലാശാലയില്‍ ഇപ്പോള്‍ നടക്കുന്നത് പഞ്ചനക്ഷത്ര സമരമാണെന്ന് പറയുന്ന സാഹു രോഹിതിന്റെ ആത്മഹത്യക്ക് കാരണമായി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതു എസ്എഫ്ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെയാണ്.
സാഹുവിന്റെ എസ്എഫഐയ്ക്ക് എതിരായ ആരോപണങ്ങള്‍ ഇവയാണ്-
രോഹിത് വെമുലയുടെ ആത്മഹത്യയോടനുബന്ധിച്ചുള്ള പ്രതിഷേധ സമരങ്ങള്‍ക്കുള്ള പണം എവിടെ നിന്നെന്ന ചോദ്യത്തിന് ആര്‍ക്കും മറുപടിയില്ല. ഇക്കാര്യത്തില്‍ ഏറെ നിഗൂഢതയുണ്ട്. ഒരേ സമയം യാക്കൂബ് മേമന് പിന്തുണയില്ലെന്ന് പറയുകയും അതേ സമയം മേമന് വേണ്ടി നിലകൊണ്ടവരെ പിന്തുണയ്ക്കുകയുമാണ് എസ് എഫ് ഐ ചെയ്യുന്നത്. അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷനെ എസ്എഫ്ഐ എതിര്‍ക്കുന്നുവെന്നാണ് പുറത്ത് പറയുന്നത് എന്നാല്‍ അവരോടൊപ്പം ചേര്‍ന്ന് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഉണ്ടാക്കി രഹസ്യ അജണ്ടകള്‍ നടപ്പിലാക്കാന്‍ ഇപ്പോള്‍ എസ്എഫ്ഐ കൂട്ടുനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പു വരുമ്പോള്‍ ജാതിയും മതവും നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കിയപ്പോള്‍ അത് ദളിത് വിഷയങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് ധരിച്ചത് . എന്നാല്‍ ചില സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടിയാണിതൊക്കെ ചെയ്യുന്നതെന്ന് പിന്നീട് വ്യക്തമായി
വൈസ് ചാന്‍സലറെ തടഞ്ഞ സമരത്തോടനുബന്ധിച്ച് പ്രചരിപ്പിക്കുന്ന പോലീസ് മര്‍ദ്ദന വാര്‍ത്തകളില്‍ പലതും പച്ചക്കള്ളമാണ്. വെറും രാഷ്ട്രീയ ലാഭത്തിനു വേണ്ടി പുറത്തുള്ള ആരുടെയോ പിണിയാളുകളാവുകയായിരുന്നു ഞാന്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍. രോഹിത് വെമുല, അവന് ലോലഹൃദയനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. എസ്എഫ്ഐയുടെ അവസരവാദ നിലപാടുകള്‍ മൂലമാകണം അയാള്‍ സംഘടന വിട്ടത്. തുടര്‍ന്ന് എഎസ്എ യിലെത്തിയ വെമുല ഒരു മൗലിക വാദിയായി മാറിയെന്നതില്‍ അതിയായ ദുഖമുണ്ട് . എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് എസ്എഫ്ഐയ്ക്ക് ഒഴിവാകാനാവില്ല. എല്ലാവരേയും വെറുക്കുന്ന രീതിയില്‍ വെമുലയില്‍ മനസ്സില്‍ വിഷം കുത്തിവച്ചത് എസ്എഫ്ഐ എന്ന് പ്രസ്ഥാനമാണ്.
വെമുലയ്ക്ക് നീതി വേണമെന്ന് ആവശ്യപ്പെടുന്നതെല്ലാം വെറും നാടകമാണ്. നീതി ലഭിക്കണമെന്നുണ്ടെങ്കില്‍ അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടത്. എന്നാല്‍ ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണവുമായി സംഘടന സഹകരിക്കുന്നില്ല. രോഹിത് വെമുലയുടെ ജാതി വിഷയത്തില്‍ കൃത്യമായ വിശദീകരണം നല്‍കാനും ഇവര്‍ തയ്യാറല്ല. പ്രശ്നം തീര്‍ക്കാനല്ല മറിച്ച് ആരുടേയോ താത്പര്യം സംരക്ഷിക്കാനാണ് സമരക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. പഞ്ചനക്ഷത്ര പ്രതിഷേധ സമരമാണ് നടക്കുന്നത്. ഇതിനുള്ള പണം എവിടെനിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും സാഹുപറയുന്നു.
ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള പ്രശ്നത്തിനിടയിലാണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത് എന്ന ആരോപണം ശരിവെക്കുന്നതാണ് സമരത്തിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്ന എസ്എഫ്ഐ നേതാവിന്റെ വെളിപ്പെടുത്തല്‍. ഇന്നലെ ഫേസ്ബുക്ക് വഴിയാണ് സാഹു താന്‍ എസ്എഫ്ഐയില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ചത്. എസ്എഫ്ഐ എഎസ്എ എന്നി സംഘടനകളുടെ വിഘടന നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് സാഹു തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം യൂണിയന് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തന്നെ തുടരുമെന്നും സാഹു അറിയിച്ചു.
[fb_pe url=”https://www.facebook.com/rajuatuoh/posts/275170362827739?pnref=story” bottom=”30″]
Discussion about this post