പട്ന: ബിഹാറില്‍ ഭരണമുന്നണിയില്‍ അഭിപ്രായഭിന്നത. ഐക്യ ജനതാദളില്‍നിന്നുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സഖ്യകക്ഷിയായ ആര്‍ജെഡി വിമര്‍ശനം ഉന്നയിച്ചതോടെയാണ് തര്‍ക്കം മറനീക്കിയത്. ദേശീയതലത്തില്‍ ബിജെപി വിരുദ്ധസഖ്യത്തിന്റെ സ്വയംപ്രഖ്യാപിത നേതാവാകാനുള്ള നിതീഷിന്റെ നീക്കം സ്വാര്‍ഥതയാണെന്നു ആര്‍ജെഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രഘുവംശ് പ്രസാദ് പ്രതികരിച്ചു. നിതീഷ് കുമാറിന്റെ ഇതര സംസ്ഥാനങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ മുന്നണിയുമായി ആലോചിക്കാതയാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണത്തിന്റെ ഡ്രൈവര്സീറ്റിലുള്ള നിതീഷിനാണു ക്രമസമാധാനപാലനം കുറ്റമറ്റതാക്കാനുള്ള ഉത്തരവാദിത്തം. മുക്കിലും മൂലയിലും മദ്യശാലകള്‍ക്ക് അനുമതി നല്കിയ നിതീഷ് ഇപ്പോള്‍ സമ്പൂര്‍ണ മദ്യനിരോധനത്തിന് അമിതോല്‍സാഹം കാട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ വിശ്വസ്തനായ രഘുവംശിന്റെ ആരോപണങ്ങളെ ജെഡിയു നേതാക്കള്‍ തള്ളിപ്പറഞ്ഞെങ്കിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ പെരുകുകയും പ്രമുഖ മാധ്യമപ്രവര്ത്തകന് ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെടുകയും ചെയ്തതോടെ പ്രതിരോധത്തിലായ നിതീഷിന് ആര്‍ജെഡിയുടെ കുറ്റപ്പെടുത്തല്‍ വന്‍ തിരിച്ചടിയാണ്.
ഉപമുഖ്യമന്ത്രിയും ലാലുവിന്റെ മകനുമായ തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ക്ക് ആര്‍ജെഡി തയാറാകുമോയെന്ന ചോദ്യമാണ് ഉയരുന്നത്. ആര്‍ജെഡിയും കോണ്‍ഗ്രസും ചേര്‍ന്നാല്‍ 107 എംഎല്‍എമാരാണുള്ളത്. സര്‍ക്കാരുണ്ടാക്കാന്‍ 15 എംഎല്‍എമാരുടെ പിന്തുണകൂടി മതിയാവും. മദ്യനിരോധനത്തോടെ നിതീഷും ജെഡിയുവും മദ്യലോബിയുടെയും ബിസിനസ് സമൂഹത്തിന്റെയും കടുത്ത എതിര്‍പ്പാണു നേരിടുന്നത്. മദ്യം കൈവശംവച്ചതിനു പാര്‍ട്ടി എംഎല്‍എക്കെതിരെ കേസെടുത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസിനും അനിഷ്ടമുള്ളതായാണു സൂചന.
Discussion about this post