ഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീമിനെ മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍ ശ്രീജേഷ് നയിക്കും. ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിനുള്ള ദേശീയ ടീം നായകനായാണ് എറണാകുളം കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷിനെ നിയമിച്ചത്്.
കഴിഞ്ഞ മൂന്നു വര്‍ഷമായി വൈസ് ക്യാപ്റ്റനാണ്. നിലവിലെ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിന്റെ പകരക്കാരനായാണ് പുതിയ നിയമനം. ചാമ്പ്യന്‍സ് ട്രോഫിക്ക് ജൂണ്‍ 10ന് തുടക്കം കുറിക്കും. സര്‍ദാര്‍ സിങ്, രുപീന്ദര്‍ പാല്‍ സിങ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചാണ് 18 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.
2006ല്‍ ദേശീയ അരങ്ങേറ്റം കുറിച്ച ശ്രീജേഷിന്റെ മികവിലായിരുന്നു 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞത്. സീസണിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ഹോക്കി താരത്തിനുള്ള ‘ധ്രുവബത്ര’ പുരസ്‌കാരം ഈയിടെ ശ്രീജേഷ് നേടിയിരുന്നു.
Discussion about this post