തിരുവനന്തപുരം; ആങ്കറിംഗ് എന്നാല്‍ കങ്കാണിപണിയല്ല എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലിലാണ് ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ മാതൃഭൂമി അവതാരകനായ വേണുവിനെതിരെ രംഗത്തെത്തിയത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ സംബന്ധിച്ച വാര്‍ത്താ അവതരണത്തിനിടെ ബിജെപിയെ അപഹസിക്കുന്ന തരത്തിലുള്ള നിലപാടുകള്‍ വേണു കൈകൊണ്ടുവെന്ന് മുഖ പ്രസംഗം കുറ്റപ്പെടുത്തുന്നു.
നിഷ്പക്ഷതയ്ക്ക് പേര് കേട്ടതെന്ന് അഭിമാനിക്കുന്ന മാതൃഭൂമി ചാനലിലെ അവതാരകന്റെ ബിജെപിയോടുള്ള നിലപാട് ഞെട്ടിക്കുന്നതായിരുന്നുവെന്ന് ജന്മഭൂമി കുറ്റപ്പെടുത്തുന്നു.
”നിഷ്പക്ഷതയ്ക്ക് പേരുകേട്ടതെന്ന് അഭിമാനിക്കുന്ന മാതൃഭൂമി ചാനലിലെ അഹന്തയും ഔദ്ധത്യവും മാത്രം കൈമുതലായ അവതാരകന്റെ കഴിഞ്ഞ ദിവസത്തെ ബിജെപിയോടുള്ള നിലപാടുകള്‍ ഞെട്ടിക്കുന്നതായിരുന്നു. എക്സിറ്റ് പോളില്‍ സീറ്റുനേടുമെന്ന പ്രവചനം അയാളെ തികച്ചും അസ്വസ്ഥപ്പെടുത്തുന്ന രീതിയിലാണ് മൈതാനപ്രസംഗമുണ്ടായത്. രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായം തേടുന്ന അവസരത്തില്‍ ‘ബിജെപിയെന്ന ആശങ്കയെ നിങ്ങള്‍ എങ്ങനെ പ്രതിരോധിക്കും, ഈ അപകടത്തില്‍നിന്ന് എങ്ങനെയാണ് നിങ്ങള്‍ കേരളത്തെ രക്ഷിക്കാന്‍ പോകുന്നത്’ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍.
വാസ്തവത്തില്‍ ഏതോ രാഷ്ട്രീയപ്പാര്‍ട്ടിയുടെ വേദിയില്‍ കയറിയിരുന്ന് പുലമ്പുന്നതുപോലെയാണ് മര്യാദകെട്ട തരത്തില്‍ അവതാരകനായ വേണു സംസാരിച്ചത്. എന്നുമുതലാണ് ഇയാള്‍ കേരളത്തിന്റെ മനസ്സാക്ഷിയെ മൊത്തത്തില്‍ വിലയ്ക്കുവാങ്ങിയിരിക്കുന്നത്? ആര്ക്കുവേണ്ടിയാണിയാള് കങ്കാണിപ്പണി നടത്തുന്നത്! മാധ്യമപ്രവര്‍ത്തനം എന്നാല്‍ നാലാംകിട ഗുണ്ടാ പ്രവര്‍ത്തനമാണെന്ന് ഏത് ജേര്‍ണലിസം കോളജില്‍ നിന്നാണ് ഇയാള്‍ പഠിച്ചിറങ്ങിയത്? രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടിയെ ആശങ്കയായും അപകടമായും വിലയിരുത്തുന്ന മ്ലേച്ഛ മാധ്യമപ്രവര്‍ത്തനത്തിന്റെ ദല്ലാള്‍ മുഖമാണ് പ്രസ്തുത അവതാരകനിലൂടെ കാണാനായത”്. അതിനെതുടര്‍ന്ന് കനത്ത പ്രതികരണങ്ങല്‍ തന്നെ ചാനലിലേക്കുണ്ടായെന്നാണറിയാന് കഴിഞ്ഞതെന്നും ലേഖനം പറയുന്നു
അസഹിഷ്ണുതയ്ക്കും അതിന്റെ ഉപോല്‍പ്പന്നങ്ങള്‍ക്കുമെതിരെ കിട്ടാവുന്ന സകല നാവുകള്‍കൊണ്ടും സംസാരിക്കുന്നവര്‍ എന്തേ ബിജെപി ജനാധിപത്യ കേന്ദ്രങ്ങളില്‍ എത്തുന്നതില്‍ ഇത്രമാത്രം അസഹിഷ്ണുക്കളാവുന്നു? ആരുടെ അജണ്ടയാണിവര്‍ നിഷ്പക്ഷതയുടെ ലേബലൊട്ടിച്ച് ചന്തയില്‍ കൂട്ടിയിട്ട് വില്‍പ്പന നടത്തുന്നത്. ഇത്തരക്കാരുടെ ഔദാര്യമോ മറ്റെന്തെങ്കിലും തരത്തിലുള്ള സഹായമോ കൊണ്ടല്ല ബിജെപിയും എന്‍ഡിഎയും ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടുന്നത്. ഇത്തരക്കാരുടെ തറവാട് സ്വത്ത് ഭാഗംവെച്ചതിന്റെ പങ്കുകൊണ്ടല്ല കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ അടുക്കളയില്‍ അരി വേവുന്നത്. ഇതൊക്കെ മനസ്സിലാക്കാന്‍ മാത്രമുള്ള സാമാന്യവിവരം ജേര്‍ണലിസം ക്ലാസുകളില്‍നിന്നു മാത്രമല്ല സാധാരണ സ്കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്നുതന്നെ ലഭിക്കേണ്ടതാണ്. അതിന്റെ സ്ഥാനത്ത് പാര്‍ട്ടി ക്ലാസുകളും യജമാന ഭക്തിയുമായാല്‍ ഇതിനെക്കാള്‍ അറപ്പുളവാക്കുന്ന സംഭവ വികാസങ്ങള്‍ ഉണ്ടാവാം.
എക്സിറ്റ്പോളിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരെ ഇത്തരത്തിലുള്ള നിലപാടുകള്‍ സ്വീകരിച്ചവര്‍ ഇനി യഥാര്‍ത്ഥ ഫലം പുറത്തുവരുമ്പോള്‍ എന്തൊക്കെയാവും പറയുകയെന്ന ആശങ്കയാണുള്ളത്. ഏതെങ്കിലും പാര്‍ട്ടിയുടെ കങ്കാണിപ്പണിയായി ആങ്കര്‍ ദൗത്യം ഏറ്റെടുത്തവര്‍ ചര്‍ച്ചയ്ക്കോ വാര്‍ത്തയ്ക്കോ മുമ്പ് പേരുപറയുന്ന ആദ്യനിമിഷംതന്നെ തന്റെ പാര്‍ട്ടി നിലപാടും പറയുന്നതാവും നന്ന്. ഇല്ലെങ്കില്‍ പാര്‍ട്ടി ഗുണ്ടകളുടെ തനതുസ്വഭാവം അവരിലേക്കും പടര്‍ന്നുകയറുമെന്ന് പറയാന്‍ ഞങ്ങള്‍ ഈ അവസരം വിനിയോഗിക്കുകയാണ്.//-മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
മാധ്യമ പ്രവര്‍ത്തനത്തിന്റെ മുഖശോഭ കെടുത്തുന്ന കീടങ്ങളെ നിയന്ത്രിക്കാനുള്ള ജൈവലായനി അതാത് മാധ്യമസ്ഥാപനങ്ങള്‍ ഉണ്ടാക്കി വെക്കുന്നതാവും നല്ലതെന്ന മുന്നറിയിപ്പോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
Discussion about this post