തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണനെറ്റിപ്പട്ടം കോടതിവിധി മറികടന്ന് കാലപ്പഴക്കം നിര്‍ണയിക്കാതെ ഉരുക്കി. ഇത് ഉരുക്കി പുതിയത് നിര്‍മിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി തീരുമാനം ഇനി നടപ്പാവില്ല. ഒന്നര നൂറ്റാണ്ടെങ്കിലും പഴക്കമുണ്ടെന്ന് നിസ്സംശയം പറയാവുന്ന സ്വര്‍ണ നെറ്റിപ്പട്ടം അമൂല്യവും പുരാവസ്തുവായി സംരക്ഷിക്കേണ്ടിയിരുന്നതുമായിരുന്നുവെന്നാണ് ചിലരുടെ അഭിപ്രായം. ഈ സ്വര്‍ണനെറ്റിപ്പട്ടം ഉരുക്കി പുതുതായി പണിതു കൊണ്ടിരിക്കുന്ന സ്വര്ണനെറ്റിപ്പട്ടത്തിനായി ആ സ്വര്‍ണം ഉപയോഗിച്ചു തുടങ്ങിക്കഴിഞ്ഞു. കൊച്ചി രാജഭരണകാലം മുതലുള്ളതും രാജമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ സ്വര്ണനെറ്റിപ്പട്ടമാണ്, അതിന്റെ പൈതൃകമൂല്യം പോലും കണക്കിലെടുക്കാതെ ബന്ധപ്പെട്ടവര്‍ ഇല്ലാതാക്കിയത്.
ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ പ്രസിദ്ധമായ വൃശ്ചി കോത്സവത്തില്‍ പ്രധാനമായ തൃക്കേട്ട പുറപ്പാടിന് ഭഗവാന്റെ തിടമ്പേറ്റുന്ന ആനയ്ക്ക് കാലങ്ങളായി ഉപയോഗിച്ചുവന്നിരുന്ന സ്വര്ണനെറ്റിപ്പട്ടമാണ് ഉരുക്കിയത്. 43.14 കിലോ തൂക്കം സ്വര്‍ണത്തില്‍ പണിതിരുന്ന ഈ നെറ്റിപ്പട്ടത്തില്‍ വിലമതിക്കാനാവാത്ത ചുവന്ന ഗോമേദകം, ഇന്ദ്രനീലം എന്നിങ്ങനെ രണ്ട് രത്നക്കല്ലുകളും ഉണ്ടായിരുന്നു. ‘വണ്ടോട് ‘ മാതൃകയിലായിരുന്ന ഈ സ്വര്‍ണ നെറ്റിപ്പട്ടത്തില്‍ 1,420 കുമിളകളും ഒമ്പത് ചന്ദ്രക്കലകളും ഉണ്ടായിരുന്നു.
സാധാരണ നെറ്റിപ്പട്ടങ്ങളില്‍ നിന്ന് വ്യത്യസ്തവും ഏറെ ഭംഗിയാര്ന്നതുമായിരുന്നു ഇതിലെ ചന്ദ്രക്കലകളും കൂമ്പന്‍ കിണ്ണവും. ഈ സ്വര്‍ണനെറ്റിപ്പട്ടം അമൂല്യവും സംരക്ഷിക്കപ്പെടേണ്ടതുമാണെന്ന് കാണിച്ച് കൊച്ചി രാജകുടുംബാംഗങ്ങളടക്കമുള്ളവര് ദേവസ്വം അധികൃതരോട് മുമ്പ് ആവശ്യപ്പെട്ടിരുന്നതുമാണ്. ഈ നെറ്റിപ്പട്ടം ഉരുക്കിക്കഴിഞ്ഞുവെന്നും ആ സ്വര്‍ണം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി പുതിയ സ്വര്‍ണനെറ്റിപ്പട്ടം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് തൃപ്പൂണിത്തുറ ദേവസ്വം ഓഫീസര്‍ അജയകുമാറും ശ്രീപൂര്‍ണത്രയീശ സേവാസംഘം പ്രസിഡന്റ് ജയന് മാങ്കായിലും പറഞ്ഞു.
രാജഭരണകാലത്ത് ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനുള്ള 15 ആനകള്‍ക്കും സ്വര്‍ണ നെറ്റിപ്പട്ടമാണ് അണിയിച്ചിരുന്നത്. അതില്‍ 14 എണ്ണവും 1895 മുതല്‍ 1914 വരെ കൊച്ചി രാജ്യം ഭരിച്ച രാമവര്‍മ തമ്പുരാന്റെ ഭരണകാലത്ത് വിറ്റിട്ടാണ് ഷൊര്‍ണൂര്‍ കൊച്ചി തീവണ്ടിപ്പാത പൂര്‍ത്തീകരിച്ചതെന്ന് ചരിത്രം. ഭഗവാന്റെ തിടമ്പേറ്റുന്ന ആനയ്ക്ക് മാത്രം സ്വര്‍ണനെറ്റിപ്പട്ടം മതി എന്ന് തീരുമാനിച്ചുകൊണ്ടായിരുന്നു ഇത്. ആ നെറ്റിപ്പട്ടമാണ് ഉരുക്കി ഇല്ലാതാക്കിയത്. പുതിയ സ്വര്‍ണനെറ്റിപ്പട്ടം പൂര്‍ത്തിയാക്കി ഉത്സവത്തിന് ഉപയോഗിച്ചാലും ചരിത്രത്താളുകളില്‍ ഇടം പിടിച്ചിരുന്ന അമൂല്യമായ സ്വര്ണനെറ്റിപ്പട്ടത്തിന്റെ പ്രാധാന്യം ഒരു കാരണവശാലും ഉണ്ടാകുകയുമില്ല.
Discussion about this post