കോപ്പ അമേരിക്കയില്‍ നിന്ന് പിന്മാറുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഭീഷണി. ശതാബ്ദി കോപ്പ അമേരിക്കയില്‍ പന്തുരുളാന്‍ രണ്ടുദിവസം മാത്രം ശേഷിക്കേയാണ് ആരാധകരില്‍ ആശങ്ക ഉയര്‍ത്തി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഭീഷണി. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ അര്‍ജന്റൈന്‍ സര്‍ക്കാര്‍ ഇടപെടുന്നതില്‍ പ്രതിഷേധിച്ചാണ് ഫുട്‌ബോള്‍ അസോസിയേഷന്റെ നീക്കം.
കാലിഫോര്‍ണിയയില്‍ പരിശീലനം നടത്തുന്ന ടീമിനോട് നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുമെന്ന് അര്‍ജന്റിനീയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ഡാമിയന്‍ ഡ്യൂപിലെറ്റ് പറഞ്ഞു. ടെലിവിഷന്‍ സംപ്രേഷണാവകാശ വരുമാനത്തില്‍ തിരിമറി നടത്തിയെന്ന കാരണം ചൂണ്ടിക്കാട്ടി ഫുട്‌ബോള്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞദിവസം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതാണ് ഫുട്‌ബോള്‍ അസോസിയേഷനെ പ്രകോപിപ്പിച്ചത്.
തിങ്കളാഴ്ച നിലവിലെ ജേതാക്കളായ ചിലിക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യമത്സരം. എന്നാല്‍ അര്‍ജന്റീന ഇല്ലാത്ത കോപ്പ അമേരിക്ക ടൂര്‍ണമെന്റിനെ കുറിച്ച് ചിന്തിക്കാനാവില്ല എന്നാണ് ആരാധകര്‍ പറയുന്നു. അവസാനനിമിഷം പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു.
Discussion about this post