ഡല്‍ഹി : സിപിഎമ്മിന്റെ റജിസ്ട്രേഷന് റദ്ദാക്കണമെന്ന അപേക്ഷയിലുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം വിശദീകരണം തേടി. സിപിഐഎമ്മിന്റെ രജിസ്ട്രേഷനില്‍ അപാകതയുണ്ടെന്നും രജിസ്ട്രേഷന് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള അപേക്ഷ വീണ്ടും പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, വാദങ്ങള്‍ രേഖാമൂലം അറിയിക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന് സിപിഎമ്മിനോട് ആവശ്യപ്പെട്ടു.
വാദങ്ങളും, അത് തെളിയിക്കുന്ന രേഖകളും 20 ദിവസത്തിനകം ഹാജരാക്കാനാണ് നിര്‍ദ്ദേശം. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് സിപിഎം രജിസ്ട്രേഷന് നേടിയതെന്നാരോപിച്ച് ജോജോ ജോസ് എന്നയാള്‍ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ജി.രോഹിണി, ജസ്റ്റിസ് ജയന്ത് നാഥ് എന്നിവരുടെ ബെഞ്ചിന്റെ നടപടിയുണ്ടായത്.
പാര്‍ട്ടി ഭരണഘടനയില്‍ ഇന്ത്യന്‍ ഭരണഘടനയോടു വ്യക്തമായ കൂറു പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് ഹര്ജിക്കാരന് ഉന്നയിച്ചിട്ടുള്ള പ്രധാന ആരോപണം. കഴിഞ്ഞ വര്‍ഷം കമ്മിഷനു പരാതി നല്‍കിയെങ്കിലും കാരണം വ്യക്തമാക്കാതെ തള്ളിക്കളഞ്ഞെന്നും ഹര്‍ജിയില്‍ പറഞ്ഞു. തുടര്‍ന്നാണ് വിഷയം വീണ്ടും പരിഗണിച്ച് 12 ആഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കണമെന്ന് കഴിഞ്ഞ മാസം നാലിനു ഹൈക്കോടതി നിര്‍ദേശിച്ചത്.
സിപിഎമ്മിന്റെ പ്രസിഡന്റിനാണ് കമ്മിഷനിലെ അണ്ടര്‍ സെക്രട്ടറി ആനന്ദ് കുമാര്‍ പാഥക്ക് ഒപ്പുവച്ച കത്ത് അയച്ചിട്ടുള്ളത്. സിപിഎമ്മിന് പ്രസിഡന്റില്ല, ജനറല്‍ സെക്രട്ടറിയാണ് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടയാള്‍ എന്നതുപോലും മനസ്സിലാക്കാതെയാണു കോടതിയുത്തരവു പ്രകാരമുള്ള നടപടി.
Discussion about this post