കണ്ണൂര്‍: ജാതിപ്പേര് വിളിച്ച് അപമാനിച്ചത് ചോദ്യം ചെയ്ത ദളിത് പെണ്‍കുട്ടികളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലില്‍ അടച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് ബാഹ്യയിടപെടല്‍ മൂലമാണെന്നാണ് ആക്ഷേപം. എന്നാല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് കണ്ണൂര്‍ എസ്പി പി.എന്‍. ഉണ്ണിരാജ പറഞ്ഞു.
സിപിഎം ഓഫിസ് ആക്രമിച്ചെന്ന പരാതിയിലാണ് യുവതികളെ കോടതി റിമാന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അഖില(30) അഞ്ജന(25) എന്നീ ദളിത് പെണ്‍കുട്ടികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചത്. തുടര്‍ന്ന് ഇവര്‍ ഇതു ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് മറുപടിയായി സിപിഎം ഓഫിസില്‍ ഇവര്‍ കയറി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കാനെന്നു പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച ഇവരെ ഇപ്പോള്‍ റിമാന്റ് ചെയ്തിരിക്കുന്നത്.
കൈക്കുഞ്ഞുമായാണ് അഖില ജയിലില്‍ കഴിയുന്നത്. കുട്ടിമാക്കൂലില്‍ സിപിഎം ബ്രാഞ്ച് ഓഫീസില്‍ അതിക്രമിച്ചുകടന്ന് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാജുവിന്റെ മക്കള്‍ക്കെതിരെ ഉള്ള കേസ്. കുട്ടിമാക്കൂല്‍ ഡിവൈഎഫ്ഐ തിരുവങ്ങാട് മേഖല സെക്രട്ടറിയും സിപിഎം അംഗവുമായ ഷിജിനെ ആക്രമിച്ചുവെന്ന പരാതിയിലാണ് പൊലീസ് യുവതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
എന്നാല്‍ തങ്ങള്‍ റോഡിലൂടെ പോകുമ്പോള്‍ അസഭ്യം പറയുകയായിരുന്നെന്നും ചോദിക്കാനായി ചെന്നപ്പോള്‍ കൈയ്യേറ്റം ചെയ്തതായും ഇരുവരും പറഞ്ഞു. യുവതികളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരിഹാസങ്ങള്‍ കേട്ട് പൊറുതിമുട്ടിയതാണ് പ്രതികരിക്കാന്‍ കാരണമെന്ന് യുവതികള്‍ പറഞ്ഞു. തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.
അതേസമയം സംഭവത്തില്‍ ദേശീയ പട്ടികജാതി കമ്മിഷന് അന്വേഷിക്കും. സംഭവം ഞെട്ടിച്ചുവെന്ന് കമ്മിഷന് ചെയര്മാന് പി.എല്‍. പുനിയ പറഞ്ഞു. ഇതിനു പിന്നില്‍ എത്ര ഉന്നതരായാലും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post