കണ്ണൂര്‍: ദളിത് പെണ്‍കുട്ടികള്‍ അറസ്റ്റിലായ സംഭവത്തില്‍ ബിജെപിയുടെ ശക്തമായ ഇടപെടലിനു പിന്നാലെ ജില്ലയിലെ രാഷ്ട്രീയ പ്രശ്നങ്ങളില്‍ ദേശീയനേതാക്കളെ ഇടപെടുവിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. തലശ്ശേരി സംഭവം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് രാഹുല്‍ തലശ്ശേരിയിലെ അഖിലയെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു.
കണ്ണൂരിലെ രാഷ്ട്രീയപ്രശ്നങ്ങളില്‍ ബിജെപിയുടെ ഇടപെടല്‍ കോണ്‍ഗ്രസ്സിനെ ആശങ്കപ്പെടുത്തുന്നു. കുട്ടിമാക്കൂലില്‍ രണ്ട് ദളിത് യുവതികള്‍ ജയിലില്‍ പോകേണ്ടിവന്ന സംഭവത്തില്‍പോലും ബിജെപിക്ക് അടിയന്തരമായി ഇടപെടാനായി. ഇതിനൊപ്പം കണ്ണൂരിലെ പ്രശ്നങ്ങള്‍ ദേശീയതലത്തിലെത്തിക്കാനും ബിജെപിക്ക് കഴിഞ്ഞു. ഇത് പ്രതിരോധിക്കാനും രാഷ്ട്രീയഇടപെടല്‍ കാര്യക്ഷമമാക്കാനുമാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം. ബിജെപി. ദേശീയനേതാക്കളും കേന്ദ്രമന്ത്രിമാരും ഇതിനകം കണ്ണൂരിലെ രാഷ്ട്രീയപ്രശ്നങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. സിപിഎം. അക്രമങ്ങള്ക്കിരയാകുന്നവര്ക്ക് ബിജെപിയാണ് രക്ഷയെന്ന തോന്നുലുണ്ടാക്കാന് അവര്‍ക്ക് കഴിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. അതുകൊണ്ടാണ് അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം രാഷ്ട്രീയപ്രതിരോധം തന്നെയാണെന്ന ബോധമുണ്ടാക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്.
ധര്‍മടം മണ്ഡലത്തില്‍ സിപിഎം അക്രമത്തിനിരയായവരുടെ വീടുകള്‍ ദേശീയ വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ സന്ദര്‍ശിച്ചത് ബിജെപി. നേതാക്കളുടെ ഇടപെടല്‍ മൂലമാണ്. ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍പോലും ഇക്കാര്യം അജന്‍ഡയാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. അതുകൊണ്ടാണ് തലശ്ശേരി, ധര്‍മടം മണ്ഡലത്തിലെ അക്രമങ്ങള്‍ ദേശീയതലത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ്സിന്റെ ശ്രമം.ഇതിനായി സമീപകാലത്തുണ്ടായ സംഭവങ്ങളും അതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ടായ ദുരനുഭവങ്ങളും ദേശീയ നേതാക്കളെ ബോധ്യപ്പെടുത്തും. കുട്ടിമാക്കൂലിലുണ്ടായ ദളിത് യുവതികളുടെ പ്രശ്നം ഗൗരവത്തോടെ കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞുവെന്നാണ് യോഗം വിലയിരുത്തിയത്. തിരഞ്ഞെടുപ്പിന്റെ ക്ഷീണത്തില്‍ പ്രതിപക്ഷ ഐക്യമുണ്ടാക്കാന്‍ തലശ്ശേരി സംഭവത്തിനായി. ഇത് നിലനിര്‍ത്താനുള്ള ഇടപെടലുണ്ടാകണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
അതിനാല്‍, തിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാനായി നിശ്ചയിച്ച ജില്ലാ ക്യാമ്പ് മാറ്റിവെച്ചിട്ടുണ്ട്. അക്രമക്കേസുകള്‍ നടത്താനായി കേസ് ഫണ്ട് സ്വരൂപിക്കാനും ആലോചനയുണ്ട്. തുടക്കത്തില്‍ തലശ്ശേരിയിലെ ദളിത്കുടുംബത്തിന്റെ കേസ് കോണ്‍ഗ്രസ് ഏറ്റെടുക്കും. കേസ് നടത്തിപ്പിന് ഒരു പൊതുഫണ്ട് എന്നതിനോട് പലര്‍ക്കും വിയോജിപ്പുണ്ട്. അതുകൊണ്ടാണ് തലശ്ശേരി കേസുമാത്രം തുടക്കത്തില്‍ ഏറ്റെടുക്കുന്നത്.
Discussion about this post