ജൊഹന്നാസ്ബര്‍ഗ്: മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ ജീവിച്ചിരുന്ന കാലത്ത് നടത്തിയ വിഖ്യാതമായ തീവണ്ടിയാത്രയെ അനുസ്മരിച്ച് അതേ റൂട്ടില്‍ യാത്ര ചെയ്യാന്‍ ഇന്ത്യന്‍ ര്രധാനമന്ത്രി നരേന്ദ്രമോദിയും. മോദിയുടെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിനിടയാണ് ചരിത്രവഴികളിലൂടെയുള്ള അനുസ്മരണത്തിന് വഴിയൊരുങ്ങുന്നത്. ജൊഹാനസ്ബര്‍ഗില്‍ ഇന്ത്യന്‍ വംശജര്‍ ഒരുക്കുന്ന പടുകൂറ്റന്‍ റാലിയിലും മോദി പങ്കെടുക്കുന്നുണ്ട്.
മോദിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ തുടങ്ങി. ദക്ഷിണാഫ്രിക്കയിലെ 8000ത്തോളം വരുന്ന ഇന്ത്യന്‍ വംശജര്‍ ഇതിനകം തന്നെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പതിനായിരത്തിലേറെപ്പേര്‍ ഈ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റാലിക്കുള്ള തയ്യാറെടുപ്പുകളും തുടങ്ങി. ജൂലൈ എട്ട്, ഒമ്പത് തിയതികളിലാണ് മോദി ദക്ഷിണാഫ്രിക്കയില്‍ എത്തുന്നത്. ഏഴുമുതല്‍ പതിനൊന്നുവരെയുള്ള അഞ്ചുദിവസങ്ങള്‍കൊണ്ട് നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും.
മൊസാംബിക്ക്, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, കെനിയ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുന്നത്. ജൂലൈ ഏഴിന് മൊസാംബിക്കില്നിന്നാണ് മോദിയുടെ സന്ദര്‍ശനത്തിന് തുടക്കമിടുന്നത്. ജൂലൈ പത്തിന് ടാന്‍സാനിയയിലും പിറ്റേന്ന് കെനിയയിലും മോദി ഉന്നത തല യോഗങ്ങളില്‍ പങ്കെടുക്കും. തുടര്‍ച്ചയായ ദിവസങ്ങളില്‍ വ്യത്യസ്ത രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയെന്ന പതിവ് ഈ യാത്രയിലും മോദി പിന്തുടരുന്നു.ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്ര നേതാക്കള്‍ തുടര്‍ച്ചയായി സന്ദര്‍ശനം നടത്തുകയാണെന്ന പ്രത്യേകതയുമുണ്ട്. വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരിയും പ്രസിഡന്റ് പ്രണബ് മുഖര്‍ജിയും സന്ദര്‍ശനം നടത്തുന്നതിന്റെ പിന്നാലെയാണ് മോദി ആഫ്രിക്കയിലെത്തുന്നത്.
Discussion about this post