നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ റെയില്‍വെ ബജറ്റ് പൊതുവെ നല്ല നിലവാരം പുലര്‍ത്തുന്നുവെന്ന് കാണിച്ച് കേരളത്തിലെ ഭൂരിപക്ഷം പത്രങ്ങളുടെയും എഡിറ്റോറിയല്‍.
ബജറ്റിലെ സമീപനങ്ങള്‍ പ്രതീക്ഷ നല്‍കുന്നുവെന്ന് മലയാള മനോരമ, ദീപിക, കേരള കൗമുദി, മാധ്യമം തുടങ്ങിയ പത്രങ്ങളുടെ എഡിറ്റോറിയലുകള്‍ വിലയിരുത്തുന്നു. മാതൃഭൂമിയാകട്ടെ ബജറ്റിന്റെ പൊതു സമീപനത്തെ വിമര്‍ശിക്കുന്നില്ലെങ്കിലും, കേരളത്തിനോടുള്ള അവഗണനയെ ശക്തമായി വിമര്‍ശിക്കുന്നു. ബജറ്റ് സ്വകാര്യവത്ക്കരണത്തിലേക്കുള്ള ചുവടുവെയ്പാണെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു. മംഗളം പത്രവും കേരളത്തിനോടുള്ള അവഗണനയാണ് എല്ലാ വര്‍ഷത്തെ പോലെയും വിമര്‍ശന വിധേയമാക്കുന്നത്.
ശുുഭയാത്രയ്ക്ക് ഒരു ആമുഖമെന്നാണ് മനോരമയുടെ എഡിറ്റോറിയലിന്റെ തലക്കെട്ട്
‘ഒരു ലക്ഷത്തിലേറെ കിലോമീറ്റര്‍ പാളങ്ങളിലായി പ്രതിദിനം രണ്ടു കോടിയോളം പേര്‍ സഞ്ചരിക്കുന്ന ഇന്ത്യന്‍ റയില്‍വേയെ രാജ്യത്തിന്റെ നട്ടെല്ലായി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അതനുസരിച്ചുള്ള കരുതലും സൗകര്യവും സുരക്ഷയും യാത്രക്കാര്‍ക്കു ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ, മുന്‍ഗണനാ പട്ടികയില്‍ ഏറ്റവും പിന്നിലായിപ്പോയ റയില്‍ യാത്രക്കാരന് ഏറ്റവും മുന്തിയ പരിഗണന നല്‍കുന്നു എന്നതിലാണ് ഇത്തവണത്തെ ബജറ്റ് ആദ്യം ശ്രദ്ധേയമാകുന്നത്.
കുറെ വര്‍ഷങ്ങളായി റയില്‍വേ ബജറ്റുകള്‍ ചില സംസ്ഥാനങ്ങളുടെ കയ്യടിക്കുവേണ്ടി പുതിയ റയില്‍ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും പ്രഖ്യാപനംകൊണ്ടു സമൃദ്ധമായിരുന്നെങ്കിലും പഴഞ്ചന്‍ കോച്ചുകളില്‍, പരിമിതസൗകര്യങ്ങളില്‍ സഞ്ചരിക്കാനായിരുന്നു യാത്രക്കാരന്റെ വിധി. സുരക്ഷാകാര്യങ്ങളിലുണ്ടായ വീഴ്ചയാകട്ടെ, വലിയ അപകടങ്ങള്‍ക്കും കാരണമായി. അടിസ്ഥാനസൗകര്യ വികസനം, നവീകരണം എന്നിവയ്‌ക്കൊപ്പം യാത്രാസൗകര്യത്തിലും സുരക്ഷയിലും ഈ ബജറ്റ് കാണിക്കുന്ന ശ്രദ്ധ മാതൃകാപരം കൂടിയാകുന്നത് ഈ സാഹചര്യത്തിലാണ്.’ എന്ന് മനോരമ എഡിറ്റോറിയല്‍ പുകഴ്ത്തുന്നു.
സമീപനം ഉദാത്തം, ദുരിതം തുടരും എന്നാണ് ദീപികയുടെ തലക്കെട്ട്
റെയില്‍വെയില്‍ മുഴങ്ങുന്ന മാറ്റത്തിന്റെ ചൂളം വിളി എന്നാണ് ജമാ അത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമത്തിന്റെ തലക്കെട്ട്
‘കഴിഞ്ഞ രണ്ടു ദശാബ്ദമായി അടിസ്ഥാന വികസന വിഷയത്തില്‍ ഇന്ത്യന്‍ റെയില്‍വേ മുരടിച്ചുകിടക്കുകയാണെന്നും സ്വകാര്യവത്കരണത്തിന്റെ പാതയിലൂടെ അതിദ്രുതം കുതിക്കേണ്ടത് അനിവാര്യമാണെന്നും ഊന്നിപ്പറഞ്ഞ് വകുപ്പുമന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച മോദി സര്‍ക്കാറിന്റെ പ്രഥമ പൂര്‍ണ റെയില്‍വേ ബജറ്റ് ദിശാപരമായ മാറ്റമാണ് പ്രതിഫലിപ്പിക്കുന്നത്.’- എന്ന് മാദ്യമത്തിന്റെ എഡിറ്റോറിയല്‍ വിലയിരുത്തുന്നു.
സമീപനം ഉദാത്തം,ദുരിതം തുടരും എന്ന തലക്കെട്ടില്‍ ദീപിക എഴുതിയ എഡിറ്റോറിയലും ബജറ്റിനെ പുകഴ്ത്തുന്നു
‘ഉദാത്തമായ നയസമീപനം, യാഥാര്‍ഥ്യങ്ങളോട് അനുരൂപപ്പെടാത്ത സ്വപ്നങ്ങള്‍, ദുരൂഹതയും ആശങ്കകളും പതിയിരിക്കുന്ന പ്രഖ്യാപനങ്ങള്‍. മന്ത്രി സുരേഷ് പ്രഭു ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം. നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രഥമ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് ചില സുന്ദരസങ്കല്പങ്ങള്‍ മാത്രമായവശേഷിക്കുമോ എന്നതാണു സംശയം. എങ്കിലും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് അവതരിപ്പിച്ചുവെന്ന പ്രത്യേകതയുണ്ട്. പുതിയ ട്രെയിനുകളും പാതകളും പ്രഖ്യാപിച്ചു പരമ്പരാഗത ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ബജറ്റിനു പകരം വലിയ പ്രതീക്ഷകളും ഉന്നതമായ ആശയങ്ങളും അവതരിപ്പിച്ചു കൈയടി നേടാനുള്ള ശ്രമം പതിവു മോദി ശൈലിയിലുള്ളതായി.’
എന്നിങ്ങനെയാണ് ദീപികയുടെ വിലയിരുത്തല്‍
ലക്ഷ്യബോധമുള്ള റെയില്‍ ബഡ്ജറ്റ് എന്നാണ് കേരള കൗമുദി പത്രം അവരുടെ മുഖപ്രസംഗത്തിന് നല്‍കിയ തലക്കെട്ട്.
സാമ്പ്രദായിക ചട്ടക്കൂട്ടില്‍ നിന്ന് ഏറെ അകന്നു മാറിയാണ് സുരേഷ് പ്രഭു കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച റെയില്‍വേ ബഡ്ജറ്റ്. കഴിഞ്ഞ മേയില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കകം കൊണ്ടുവന്ന ഇടക്കാല ബഡ്ജറ്റില്‍ യാത്രക്കൂലിയും ചരക്കുകൂലിയും ഗണ്യമായി ഉയര്‍ത്തിയ സാഹചര്യത്തില്‍ ഇക്കുറി നിരക്കു വര്‍ദ്ധന പൂര്‍ണമായും ഒഴിവാക്കിയതുവഴി റെയില്‍വേ മന്ത്രി സാധാരണ യാത്രക്കാരുടെ ശാപം ഏറ്റുവാങ്ങുന്നില്ലെന്ന പ്രത്യേകതയുമുണ്ട്.-എന്ന് കൗമുദി അഭിപ്രായപ്പെടുന്നു.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായി ഇനി എത്രകാലം ഇന്ത്യന്‍ റെയില്‍വേ നിലനില്‍ക്കുമെന്നതാണ് നരേന്ദ്രമോഡി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് ഉയര്‍ത്തുന്ന പ്രധാന ആശങ്കയെന്ന് ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ വിലയിരുത്തുന്നു
‘റെയില്‍വേയെ കോര്‍പറേറ്റ് മേഖലയുടെ ലാഭക്കൊതിക്ക് വിടാനുള്ള വിസിലാണ് ബജറ്റില്‍ മുഴങ്ങുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ സ്വകാര്യപങ്കാളിത്തത്തിലൂടെ എട്ടരലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ബജറ്റ് റെയില്‍വേയുടെ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്. പുതിയ തീവണ്ടികളോ റെയില്‍പ്പാതകളോ പ്രധാന പദ്ധതികളോ പ്രഖ്യാപിക്കാത്ത ബജറ്റ് ആധുനിക സാങ്കേതികവിദ്യയുടെ പ്രയോഗം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നു പറയുന്നു. നാല് ലക്ഷ്യങ്ങള്‍, അഞ്ച് മാര്‍ഗങ്ങള്‍, 11 ശ്രദ്ധാമേഖലകള്‍ എന്നിവയാണ് പ്രഖ്യാപിച്ചത്. സുരക്ഷ, സുഖയാത്ര, നവീകരണം, സാമ്പത്തിക സ്വാശ്രയത്വം എന്നിവയാണ് നാല് ലക്ഷ്യങ്ങള്‍. സാമ്പത്തിക സ്വാശ്രയത്വത്തിന്റെ ആകെത്തുക സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണമാണ്’ എന്നിങ്ങനെ പോകുന്നു ദേശാഭിമാനിയുടെ വിമര്‍ശനം.
കേരളത്തെ സംബന്ധിച്ച് റെയില്‍വെ ബജറ്റ് നിരാശാജനകമാണെന്നാണ് മംഗളത്തിന്റെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നത്
‘അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിടുന്ന റെയില്‍ബജറ്റ് കേരളത്തിന്റെ റെയില്‍വികസന പ്രതീക്ഷകളെ അസ്ഥാനത്താക്കുന്നതു തന്നെയാണ്. നമ്മള്‍ പ്രതീക്ഷിച്ചതു ലഭിച്ചില്ലെന്നു മാത്രമല്ല, സംസ്ഥാനത്തിന്റെ റെയില്‍വികസനത്തിനു മതിയായ തുക ബജറ്റില്‍ വകയിരുത്തിയിട്ടുമില്ല. അതുകൊണ്ട് കേരളത്തെ സംബന്ധിച്ച് റെയില്‍ബജറ്റ് നിരാശാജനകമാണ്. ബജറ്റ് സമ്മേളനം അവസാനിക്കുംമുമ്പ് പുതിയ ട്രെയിനുകളും പാതകളും ഉണ്ടാകുമെന്നു മന്ത്രി തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുള്ളതിലാണ് ഇനി പ്രതീക്ഷ. വരുംദിവസങ്ങളില്‍ പാര്‍ലമെന്റില്‍ ബജറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ കേരളത്തില്‍നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ ക്രിയാത്മകമായ ഇടപെടലാണ് സംസ്ഥാനം ആഗ്രഹിക്കുന്നത്. ‘-എന്നും മംഗളം പറയുന്നു
Discussion about this post