തൃശ്ശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിന് പോലീസ് കസ്റ്റഡിയില്‍ സുഖസൗകര്യങ്ങള്‍ ചെയ്തു കൊടുത്തതിന്റെ തെളിവുകള്‍ പുറത്ത്. നിസാം അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ഫോണ്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് .
റോള്‍സ് റോയ്സ് കാറിന് മുന്നില്‍ നിന്ന് ഫോണ്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഈ കാറിലാണ് നിസാമുമായി പോലിസ് സഞ്ചരിച്ചിരുന്നത് എന്നാണ് ആക്ഷേപം. നേരത്തെ ബംഗളൂരുവിലേക്ക് നിസാമുമായി പോലിസ് നടത്തിയത് വിനോദയാത്രയായിരുന്നുവെന്നും, കേസ് അട്ടിമറിക്കാന്‍ സമയം നല്‍കുന്നതിനായാണ് യാത്ര സംഘടിപ്പിച്ചതെന്നും നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. തൃശ്ശൂരില്‍ നിന്ന് പേരാമംഗലം സിഐയുടെ വാഹനത്തില്‍ ബംഗളൂരുവിലക്ക് തിരിച്ച പോലിസ് സംഘം, വടകരയില്‍ വച്ച് മറ്റൊരു ആഡംബര കാറിലേക്ക് യാത്ര മാറ്റിയെന്ന് അന്ന് തന്നെ ആക്ഷേപമുയര്‍ന്നു. നിസാമിന്റെ ഉടമസ്ഥതയിലുള്ള കാറിലായിരുന്നു തുടര്‍ യാത്ര എന്ന ആക്ഷേപം ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന തെളിവുകള്‍.
അതേസമയം നിസാമിന്റെ ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്തതാണ് ഫോട്ടോയില്‍ കാണുന്ന കാറെന്നാണ് പോലിസിന്റെ വിശദീകരണം.
നിസാമിന്റെ ലഹരി മാഫിയ ബന്ധവും ,അനധികൃത സ്വത്തു സമ്പാദനവും മറ്റും അന്വേഷിക്കാനായിരുന്നു ബംഗളൂരിവിലെക്കുള്ള യാത്ര.
Discussion about this post