തിരുവനന്തപുരം: നികുതി നിരക്കുകള്‍ പരിഷ്‌കരിച്ചതോടെ ദൈനംദിന അവശ്യ വസ്തുക്കളായ വെളിച്ചെണ്ണ, സോപ്പ്, പാക്കറ്റിലാക്കി വില്‍ക്കുന്ന ഗോതമ്പ് എന്നിവയ്ക്കും മോട്ടോര്‍ വാഹനങ്ങള്‍, തുണിത്തരങ്ങള്‍, ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകള്‍, പാത്രങ്ങള്‍, റെസ്‌റ്റോറന്റുകളില്‍ നിന്ന് ലഭിക്കുന്ന ബ്രാന്‍ഡ് ഭക്ഷണസാധനങ്ങള്‍ എന്നിവയ്ക്കും വില വര്‍ദ്ധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കൂടാതെ ആധാര രജിഷ്ട്രേനുകള്‍ക്കും ഇനി ചിലവേറും.
നികുതി നിരക്കുകള്‍ പരിഷ്‌കരിച്ചതോടെ വെളിച്ചെണ്ണയ്ക്കും സോപ്പിനും വില കൂടും. പാക്കറ്റിലാക്കി വില്‍ക്കുന്ന ഗോതമ്പ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനമാണ് നികുതി ഏര്‍പ്പെടുത്തിയത്. അഞ്ച് ശതമാനം നികുതി ചുമത്തിയതോടെ ബസുമതി അരിയുടെ വില കൂടും.
വെളിച്ചെണ്ണയ്ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തി. ഇതില്‍ നിന്ന് ലഭിക്കുന്ന അധികവരുമാനം പര്‍ണമായും കേരകര്‍ഷകര്‍ക്കായി നീക്കിവെക്കുമെന്ന് ധനമന്ത്രി പറഞ്ഞു. തേങ്ങയുടെ താങ്ങുവില 25 രൂപയില്‍ നിന്ന് 27 രൂപയാക്കി.
റെസ്‌റ്റോറന്റുകളില്‍ നിന്ന് ലഭിക്കുന്ന ബ്രാന്‍ഡ് ഭക്ഷണസാധനങ്ങളായ ബര്‍ഗര്‍, പിസ്ത തുടങ്ങിയവയ്ക്ക് 14 ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെ അവയുടെ വില ഉയരും.
തുണിത്തരങ്ങള്‍ക്ക് നികുതി രണ്ട് ശതമാനം വര്‍ധിപ്പിച്ചതോടെ അവയ്ക്കും വില വര്‍ദ്ധിക്കും. നികുതി കുറച്ചതിനാല്‍ ഹോട്ടലുകളിലെ മുറികളുടെ വാടക കുറയും. ഡിസ്‌പോസബിള്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവയ്ക്കും വില കൂടും. തെര്‍മോകോള്‍ കപ്പുകള്‍ക്കും പാത്രങ്ങള്‍ക്കും വിലകുറയും.
നികുതി നിരക്കുകള്‍ പരിഷ്‌കരിച്ചതോടെ ആധാര രജിസ്‌ട്രേഷനുകള്‍ക്ക് ചിലവേറും. വിലയാധാരങ്ങള്‍ക്ക് രജിസ്‌ട്രേഷന് ആറ് ശതമാനമായിരുന്ന നികുതി എട്ട് ശതമാനമാക്കി വര്‍ധിപ്പിച്ചു. ഭാഗപത്രം, ഒഴിമുറി, ധനനിശ്ചയം എന്നിവയ്ക്ക് നിരക്ക് കൂടും. 1000 രൂപയുടെ പരിധി എടുത്തുകളഞ്ഞ് മൂന്നുശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെയാണിത്. വിഭജിക്കാത്ത ഓഹരിയുടെ കാര്യത്തില്‍ ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തില്‍ നികുതി ഏര്‍പ്പെടുത്തിയെങ്കിലും ഇതുവരെ വീടുകള്‍ക്ക് ബാധമാക്കിയിരുന്നില്ല. ഈ ബജറ്റില്‍ വീടിന്റെ വിലയും ഉള്‍പ്പെടുത്തും.
ചരക്കു വാഹനങ്ങള്‍ക്ക് നികുതി 10 ശതമാനം വര്‍ദ്ധിപ്പിച്ചതോടെ ചരക്ക് വാഹനങ്ങള്‍ക്കും വിലകൂടും. ടൂറിസ്റ്റ് ബസ്സുകളുടെ നികുതിയും പരിഷ്‌കരിച്ചു. സീറ്റൊന്നിന് 2250, 3500, 4000 എന്നിങ്ങനെയായി നിലവാരത്തിനനുസരിച്ചാണ് നികുതി. സീറ്റ് അടിസ്ഥാനത്തില്‍ നികുതി പിരിക്കുന്നതിന് പകരം വാഹനത്തിന്റെ ചതുരശ്രമീറ്റര്‍ കണക്കിലായിരിക്കും ഇനി നികുതി പിരിക്കുക. അന്തര്‍സംസ്ഥാന സര്‍വീസുകളെ ആശ്രയിക്കുന്നവര്‍ക്ക് ഈ നികുതി വര്‍ധന ബാധിക്കും.
പ്രത്യേക രൂപകല്‍പന ചെയ്ത വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി ചുമത്തും. ടിപ്പര്‍ ലോറികളുടെ നികുതിയും കൂട്ടി. കൂടാതെ പഴയവാഹനങ്ങള്‍ക്ക് ഹരിതനികുതി ഏര്‍പ്പെടുത്തി. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതും 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതും എന്നിങ്ങനെ രണ്ട് വിഭാഗമാക്കി തിരിച്ചാണ് നികുതി ഏര്‍പ്പെടുത്തിയത്. 200 രൂപ മുതല്‍ 400 രൂപ വരെയാണ് റീറജിസ്‌ട്രേഷന്റെ സമയത്ത് നല്‍കേണ്ടത്.
Discussion about this post