തിരുവനന്തപുരം: റോഡരികില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്ന തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ഇനി കേന്ദ്രസര്‍ക്കാര്‍ മാസശമ്പളം നല്കുന്ന തൊഴിലുറപ്പ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. മരം ഒന്നിന് മാസം 15 രൂപയാണ് തൊഴിലാളിക്ക് ലഭിക്കുക. തൊഴിലാളികള്‍ക്ക് എത്ര മരങ്ങള്‍ വേണമെങ്കിലും ഇങ്ങനെ പരിപാലിക്കാം. മരം നട്ട് അഞ്ചുവര്‍ഷം ഉണങ്ങിപ്പോകാതെ നോക്കണമെന്നു മാത്രം. മരം ഉണങ്ങിയാല്‍ നല്കിയ ശമ്പളം തിരിച്ചു പിടിക്കും.
പരിസ്ഥിതി ദിനത്തില്‍ നടുന്ന മരങ്ങള്‍ പരിപാലനമില്ലാതെ ഉണങ്ങിപ്പോകുന്ന സാഹചര്യത്തിലാണ് പ്രത്യേകം ശമ്പളം നല്കി പദ്ധതി നടപ്പാക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലാണ് റോഡുകള്‍ തണല്‍ വിരിക്കാനുള്ള പദ്ധതി.
മാവ്, പ്ലാവ്, പേര, മാതളം, നെല്ലി, സീതപ്പഴം, തുടങ്ങിയ മരങ്ങളാണ് നട്ടുവളര്‍ത്തി പരിപാലിക്കേണ്ടത്. ഈ മരങ്ങളിലെ ഫലങ്ങളുടെ ആദായം തൊഴിലാളികള്‍ക്ക് തന്നെയെടുക്കാം. ഓരോ വര്‍ഷവും മരങ്ങള്‍ ഉണങ്ങിപ്പോകാതെ നിലനില്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കും. മരം ഉണങ്ങിപ്പോയാല്‍ നല്കിയ ശമ്പളം തിരിച്ചു പിടിക്കും.
കേരളത്തിലെ എല്ലാ റോഡുകളും ഇത്തരത്തില്‍ തണല്‍ വിരിക്കാന്‍ പഞ്ചായത്തുകളാണ് തൊഴിലുറപ്പില്‍ പദ്ധതി തയ്യാറാക്കുക. ഒരു കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടുവശങ്ങളിലുമായി 200 മരങ്ങളാണ് നട്ടു പരിപാലിക്കേണ്ടത്. റോഡുകള്‍ വികസിപ്പിക്കുന്നതുകൂടി കണക്കിലെടുത്താവും മരങ്ങള്‍ നട്ടുവളര്‍ത്തുക. പൊതുസ്ഥലങ്ങള്‍, വീടുകള്‍, എന്നിവിടങ്ങളില്‍ മരങ്ങള്‍ നട്ടുവളര്‍ത്തുന്നതിന് ശമ്പളം ലഭിക്കില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പദ്ധതി വിജയിച്ചതോടെയാണ് കേരളത്തിലും ഇത് നടപ്പാക്കുന്നത്.
Discussion about this post