ഡല്‍ഹി: കശ്മീരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജൂലൈ 19ന് പാകിസ്ഥാന് കരിദിനം ആചരിക്കുമെന്ന പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രസ്താവനയ്ക്ക് ഇന്ത്യ മറുപടി കൊടുത്തതോടെ സംഘര്‍ഷത്തെ ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വാക്പോര് മുറുകി.
ഹിസ്ബുള്ള കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷത്തെ ചൊല്ലിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വാക്പോര് ആരംഭിച്ചത്.
പാകിസ്ഥാന്റെ കരിദിന പ്രഖ്യാപനം ഇന്ത്യ തള്ളി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള പാക് ശ്രമം ഞെട്ടിപ്പിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
തീവ്രവാദികളെ തുടര്‍ച്ചയായി വിശുദ്ധവത്ക്കരിക്കുന്ന പാക് നിലപാട് പാകിസ്ഥാന് നുണപറയുകയാണെന്ന് തെളിയിക്കുന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേ സമയം ഗുജറാത്ത് കലാപത്തേയും കശ്മീരിലെ സംഘര്‍ഷത്തെയും താരതമ്യപ്പെടുത്തി പാകിസ്ഥാന് പ്രതിരോധ മന്ത്രി ക്വാജ എം ആസിഫ് തുടര്‍ച്ചയായി ട്വീറ്റ് ചെയ്തു.ഗുജറാത്തില്‍ മോഡി ആരംഭിച്ചത് കശ്മീരിലും ആവര്‍ത്തിക്കുന്നു എന്നായിരുന്നു പ്രധാനപ്പെട്ട ട്വീറ്റ്.
കശ്മീരില്‍ സംഘര്‍ഷം ആരംഭിച്ചതു മുതല്‍ തന്നെ ഇന്ത്യ പാകിസ്ഥാനോട് തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പാക് പ്രധാനമന്ത്രി ബുര്‍ഹാന്‍ വാനിയെ ആദര്‍ശവത്ക്കരിച്ച് പ്രതികരിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണമുണ്ടായത്.
22കാരനായ ബുര്‍ഹാന്‍ വാനി കശ്മീര്‍ നേതാവാണെന്നും അദേഹത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നതാണെന്നുമായിരുന്നു നവാസ് ഷെരീഫിന്റെ പ്രതികരണം. ഇതിനു പിന്നാലെ ഇന്നലെ ചേര്‍ന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇതേ നിലപാട് തന്നെ ഉന്നയിച്ചും മനുഷ്യാവകാശ പ്രശ്നങ്ങള്‍ വ്യക്തമാക്കിയുമാണ് പാകിസ്താന് വ്യക്താവായ മലേഹ ലോധി രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ എത്തിയത്.
പാകിസ്താന് ഐക്യരാഷ്ട്ര സഭയുടെ വേദിയെ ദുരുപയോഗിക്കുന്നത് ഇന്ന് നമ്മളെല്ലാം കണ്ടതാണ്. വളരെ ഖേദത്തോടെ തന്നെ ഇക്കാര്യങ്ങള്‍ പറയട്ടെ, മറ്റ് രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ പാകിസ്താന് അവര്‍ പിന്തുണക്കുന്ന തീവ്രവാദികളെ ഉപയോഗിക്കുകയാണ്. ഇതിനായി തീവ്രവാദത്തെ അവര്‍ ദേശീയ നയമാക്കുന്നു. ഐക്യരാഷ്ട്ര സഭയില്‍ നിന്നും ലഭിക്കുന്ന എല്ലാ തരത്തിലുമുളള ആനുകൂല്യങ്ങള്‍ അവര്‍ ഇതിനായി ദുരുപയോഗം ചെയ്യുകയും മനുഷ്യാവകാശത്തിന്റെ മുഖംമൂടി അണിയുകയും ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
നവാസ് ഷെരീഫിന്റെ പ്രതികരണത്തോട് ഭീകരവാദത്തോടുള്ള പാകിസ്ഥാന്റെ ബന്ധമാണ് കാണിക്കുന്നതെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.
Discussion about this post