കൊച്ചി:ചമ്പക്കര മാര്‍ക്കറ്റില്‍ ചത്തുചീഞ്ഞ പോത്തിന്‍കുട്ടിയെ വെട്ടിവില്‍ക്കാന്‍ ശ്രമിച്ച മാംസവില്പന കേന്ദ്രം കോര്പ്പറേഷന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പൂട്ടി സീല്‍ ചെയ്തു. ചത്ത പോത്തിന്‍കുട്ടിയെ ബ്രഹ്മപുരം വെറ്ററിനറി ഹോസ്പിറ്റലില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം സംസ്കരിച്ചു. കടയിലുണ്ടായിരുന്ന മാംസം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കടയുടെ ലൈസന്‍സ് റദ്ദു ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെ കൊച്ചിന് കോര്പ്പറേഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓമന സി.എ., ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുധീഷ് വി. സുകുമാരന്‍, അരുണ്‍ ബി. എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയാണ് നടപടിയെടുത്തത്. മരട് അഡീഷണല്‍ എസ്.ഐ ശേഖരപിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
ചമ്പക്കര മാര്‍ക്കറ്റിലെ റോബര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇറച്ചിവെട്ടുകടയാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. അസുഖം വന്ന് ചത്തുചീഞ്ഞ പോത്തിന്‍കുട്ടിയെ വെട്ടി വില്‍ക്കാനുള്ള ശ്രമം നാട്ടുകാരും സമീപത്തെ കടയുടമകളും കൂടി തടയുകയായിരുന്നു. പെട്ടി ഓട്ടോയില്‍ ദുര്‍ഗന്ധം വമിക്കുന്ന പോത്തിന്‍കുട്ടിയെ കൊണ്ടുവന്നപ്പോഴാണ് സമീപത്തെ കടയുടമസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.
മരട് പോലീസും, കൗണ്‍സിലര്‍ വി.പി. ചന്ദ്രനും സ്ഥലത്തെത്തി ഉടമയെക്കൊണ്ട് കട പൂട്ടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഉടമയുടെ താഴിനു മീതെ മറ്റൊരു താഴുംകൂടിയിട്ട് പൂട്ടി താക്കോല്‍ മരട് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 11 മണിക്കായിരുന്നു ഈ സംഭവം.
Discussion about this post