പത്തനംതിട്ട: കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായുള്ള ആരോപണത്തെത്തുടര്‍ന്ന് മുന്‍ മന്ത്രി ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സിന്റെ ദ്രുത പരിശോധന. കുറഞ്ഞ കാലയളവിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മന്ത്രി, ബന്ധുക്കളുടെ പേരില്‍ മൂന്ന് ആശുപത്രികള്‍ വാങ്ങിയതായി ആരോപിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ദ്രുതപരിശോധന തുടങ്ങിയത്. ആരോഗ്യമന്ത്രിയായിക്കെ, ശിവകുമാര്‍ ആധുനിക ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ 600 കോടിയുടെ വെട്ടിപ്പ് നടത്തിയതായും ഈ പണം ഉപയോഗിച്ചാണ് ആശുപത്രികള്‍ വാങ്ങിയതെന്നും ആരോപണമുണ്ട്.
തിരുവനന്തപുരം, അടൂര്‍, കാട്ടാക്കട എന്നിവിടങ്ങളിലാണ് ആശുപത്രികള്‍ വാങ്ങിയത്. തിരുവനന്തപുരത്തുള്ള എസ്.കെ. ആശുപത്രി അമേരിക്കയിലുള്ള ഭാര്യാ സഹോദരന്റെ പേരിലാണ്. മറ്റ് രണ്ട് ആശുപത്രികള്‍ അടുത്ത ബന്ധുക്കളുടെ പേരിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ബിനാമി ഇടപാടിലൂടെ ശിവകുമാര്‍ വസ്തുക്കള്‍ വാങ്ങിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ദ്രുതപരിശോധനയില്‍ ശിവകുമാറിനെതിരേ തെളിവുകള്‍ ലഭിച്ചതായാണു സൂചന. അതിനാല്‍ വൈകാതെ എഫ്.ഐ.ആര്‍ തയാറാക്കി കേസ് അന്വേഷണം ആരംഭിക്കും. ആരോഗ്യവകുപ്പ് മന്ത്രിയെന്ന നിലയില്‍ വി.എസ്. ശിവകുമാര്‍ ബന്ധപ്പെട്ടിട്ടുള്ള വന്‍കിട കമ്പനികള്‍, അവരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ എന്നിവ നിരീക്ഷിച്ചിട്ടുണ്ട്.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിജിലന്‍സ് ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ട രണ്ടാമത്തെ മുന്‍ യു.ഡി.എഫ്. മന്ത്രിയാണ് വി.എസ്. ശിവകുമാര്‍. നേരത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയുടെ പേരില്‍ സ്വന്തക്കാര്‍ക്ക് പ്രവൃത്തികള്‍ പകുത്തു നല്‍കി ആകെ തുകയുടെ മുപ്പതു ശതമാനം സ്വന്തമാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍ റവന്യൂ മുന്ത്രി അടൂര്‍ പ്രകാശിനെതിരെ ദ്രുത പരിശോധനയ്ക്ക് വിജിലന്‍സ് ഉത്തരവിട്ടിരുന്നു.
Discussion about this post