കൊച്ചി: സര്‍ക്കാര്‍ പ്ലീഡര്‍ക്കെതിരായ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ ഒരു സംഘം അഭിഭാഷകര്‍ ഹൈക്കോടതി മീഡിയ റൂമില്‍ കയറി മര്‍ദ്ദിച്ചു. വിഷയത്തില്‍ പ്രതിഷേധപ്രകടനം നടത്തിയവര്‍ക്ക് നേരെയും അഭിഭാഷകര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. പോലിസ് ഇടപെട്ടാണ് സംഘര്‍ഷം തടഞ്ഞത്.
ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ്് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉച്ചയോടെയാണ് ഒരു സംഘം ആക്രമണം നടത്തിയത്. ധനേഷ് മാഞ്ഞൂരാനും ഏതാനും അഭിഭാഷകരും ആണ് സംഘത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസിനും, ഹൈക്കോടതി രജിസ്ട്രാര്‍ക്കും പരാതി നല്‍കാനെത്തിയ മാധ്യമസംഘത്തിന് നേരെയും കയ്യേറ്റമുണ്ടായി. മീഡിയ റൂമില്‍ നിന്ന് പുറത്ത് പോകാന്‍ ആവശ്യപ്പെട്ട് അഭിഭാഷകരായ ചിലര്‍ കയ്യേറ്റം നടത്തുകയായിരുന്നു. തുടര്‍ന്ന് പ്രസ് ക്ലബില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഹൈക്കോടതിയിലേക്കു നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടായി.
മാര്‍ച്ചിന് നേര്‍ക്കെത്തിയ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലിസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാഞ്ഞൂരാന്‍ അപമാനിച്ചുവെന്ന യുവതിയുടെ രഹസ്യമൊഴി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഒറു വിഭാഗം അഭിഭാഷകരെ ചൊടിപ്പിച്ചത്. സംഭവം കെട്ടിച്ചമച്ചതാണെന്നാണ് അഭിഭാഷകരുടെ നിലപാട്. എന്നാല്‍ ഒരു വിഭാഗം അഭിഭാഷകര്‍ ധനേഷ് മാഞ്ഞൂരാനെ പിന്തുണക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. പോലിസ് നടപടിക്കെതിരെ അഭിഭാഷകര്‍ നടത്തിയ മാര്‍ച്ചിലും ഈ ഭിന്നത പ്രകടമായിരുന്നു.
Discussion about this post