ഡല്‍ഹി: ഡല്‍ഹി മയൂര്‍വിഹാറില്‍ ആലുവ സ്വദേശിയായ വിജയകുമാറിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പാലം സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തനിക്ക് ജോലി വാഗ്ദാനം ചെയ്ത് വിജയകുമാര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി പൊലീസിനോട് പറഞ്ഞു. രണ്ടു വര്‍ഷത്തോളമായി വിജയകുമാര്‍ തന്നെ ചൂഷണം ചെയ്യുകയായിരുന്നു. ഏഴു തവണ വീട്ടിലേക്ക് വിളിച്ചിരുന്നു. വിളിക്കരുതെന്ന് താന്‍ വിലക്കിയെങ്കിലും വിജയകുമാര്‍ അനുസരിച്ചില്ല. തുടര്‍ന്നാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നും യുവതി മൊഴി നല്കി. ഇതാണ് കൊലയ്ക്ക് കാരണമായതെന്നും അവര്‍ മൊഴി നല്കി. യുവതിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.
ആലുവ ചൊവ്വര പുറവരിക്കല്‍ സ്വദേശിയായ വിജയകുമാറിനെ (60) മയൂര്‍വിഹാര്‍ എക്സ്റ്റന്‍ഷനിലെ സമാചാര്‍ ഫ്ളാറ്റില്‍ ബുധനാഴ്ചയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. കിടപ്പുമുറിയില്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവം നടന്ന ബുധനാഴ്ച, ഒരു യുവതി നടന്നു പോകുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് യുവതി കസ്റ്റഡിയിലായത്.
മയൂര്‍വിഹാര്‍ എക്സ്റ്റഷന്‍ സമാചാര്‍ അപാര്‍ട്ട്മെന്റിലാണ് മകളും രാജ്യസഭാ ടി.വിയിലെ പ്രൊഡ്യുസറുമായ അമ്പിളിക്കൊപ്പമാണ് വിജയകുമാര്‍ താമസിച്ചിരുന്നത്.
Discussion about this post