മിയാമി:ഹില്ലരി ക്ലിന്റന് എതിരായ ഇമെയില്‍ ആരോപണത്തെച്ചൊല്ലി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുരംഗത്ത് പുതിയ വിവാദം. ഹിലരിയുടെ ഇമെയില്‍ സന്ദേശങ്ങള്‍ കണ്ടെത്താന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് റഷ്യയോട് ആവശ്യപ്പെട്ടു. ചാരപ്പണി നടത്താനാണ് ഒരു വിദേശ രാജ്യത്തോടു ട്രംപ് ആവശ്യപ്പെട്ടതെന്നാരോപിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി.
ഹിലരിയുടെ 30,000ത്തോളം മെയിലുകള്‍ അപ്രത്യക്ഷമായിട്ടുണ്ടെന്നും ഇത് കണ്ടെത്താമോ എന്നുമായിരുന്നു ട്രമ്പ് ആവശ്യപ്പെട്ടത്. അതേസമയം ഇ മെയില്‍ ചോര്‍ത്താനുള്ള ട്രമ്പിന്റെ ആവശ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി. ട്രമ്പിന്റെ പ്രസ്താവനകള്‍ ദേശീയ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി അഭിപ്രായപ്പെട്ടു.
ട്രമ്പ് വിദേശരാജ്യങ്ങള്‍ക്ക് ചാരപ്പണി നടത്താന്‍ പ്രോത്സാഹനം നല്‍കുകയാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹിലരിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന്‍ പറഞ്ഞു. വിദേശകാര്യ സെക്രട്ടറിയായിരിക്കെ ഹിലരി ക്ലിന്റന്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഇ മെയില്‍ ഉപയോഗിച്ചത് വിവാദമായിരുന്നു. ഇത് എതിരാളികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു. ഹിലരി പ്രവര്‍ത്തിച്ചത് നിരുത്തരവാദപരമായാണ് എന്നായിരുന്നു സംഭവം അന്വേഷിച്ച എഫ്.ബി.ഐയുടെ കണ്ടെത്തല്‍. എന്നാല്‍ ഹിലരിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന നിലപാടാണ് എഫ്.ബി.ഐ എടുത്തത്.
ഇതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ട്രമ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്നതായുള്ള ആരോപണം ഡെമോക്രാറ്റിക് ക്യാമ്പില്‍ നിന്ന് വരുന്നുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടി ദേശീയ കമ്മിറ്റിയുടെ ഇ മെയിലുകള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നാണ് ആരോപണം. റഷ്യ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടുന്നതായുള്ള ആരോപണം ഒരു അഭിമുഖത്തില്‍ പ്രസിഡന്റ് ഒബാമയും തള്ളിക്കളഞ്ഞില്ല. റഷ്യയും ട്രമ്പും ആരോപണം നിഷേധിച്ച് രംഗത്തെത്തിയിരുന്നു. പാര്‍ട്ടി മത്സരാര്‍ത്ഥികളില്‍ ഹിലരിയുടെ പ്രധാന എതിരാളിയായിരുന്ന ബേണി സാന്റേഴ്‌സിനെ പ്രൈമറികളില്‍ ഇടിച്ചുതാഴ്ത്താന്‍ പാര്‍ട്ടിക്കകത്ത് നടന്ന ഗൂഢാലോചനകളും അന്തര്‍നാടകങ്ങളും അടങ്ങുന്നതാണ് ഇ മെയിലുകള്‍ എന്നാണ് സൂചന. പുടിനെ കാണുകയോ സംസാരിക്കുകയോ ഇന്നേവരെ ഉണ്ടായിട്ടില്ലെന്ന് ട്രമ്പ് പറഞ്ഞു.
Discussion about this post