ഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായും ബി.ജെ.പിയുമായും നിലനിന്ന തര്‍ക്കങ്ങള്‍ക്ക് താത്കാലിക അവധി നല്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രീവാള്‍ 12 ദിവസത്തെ വിപാസന ധ്യാനത്തിന് പോകുന്നു. നാളെ മുതല്‍ 12 ദിവസത്തേക്കാണ് കേജ്രീവാള്‍ നാഗ്പൂരിലെ ഒരു ധ്യാനകേന്ദ്രത്തില്‍ ചേരുക. ഇവിടെ ഇദ്ദേഹത്തിന് ടെലിവിഷന്‍, പത്രം,ഇന്റര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാലയളവില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേജ്രീവാളിന്റെ താത്കാലിക ചുമതലകള്‍ വഹിക്കും.
ഇന്ത്യയില്‍ നിലനിന്ന പ്രാചീന ധ്യാനമാര്‍ഗമാണ് വിപാസന. ഇതിന് മുമ്പും രണ്ട് തവണ കേജ്രീവാള്‍ ഇവിടെ വിപാസന ധ്യാനത്തിന് ചേര്‍ന്നിരുന്നു. കഴിഞ്ഞ ജനുവരിയിലും അതിനുമുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പും ആയിരുന്നു അത്. മുഴുവന്‍ സമയ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചുകഴിഞ്ഞാല്‍ വിപാസന ധ്യാനത്തിന്റെ പ്രചാരണത്തിനായി സമയം നീക്കിവയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകരെ വിപാസന ധ്യാനത്തിന് അയക്കാനുള്ള കേജ്രീവാളിന്റെ തീരുമാനം വിവാദമായിരുന്നു.
കേന്ദ്രസര്‍ക്കാറും ആം ആദ്മിയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെ കേജ്രീവാള്‍ ധ്യാനത്തിനായി നീണ്ട അവധിയെടുക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അടുത്തിടെ വിവിധ കേസുകളിലായി 11 ആം ആദ്മി എം.എല്‍.എമാരെ പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ കൊല്ലാന്‍ പോലും ഉത്തരവിട്ടേക്കുമെന്ന് കേജ്രീവാള്‍ വീഡിയോ സന്ദേശത്തിലൂടെ ആരോപിച്ചിരുന്നു.
Discussion about this post