തിരുവനന്തപുരം: പാടത്ത് പണി, വരമ്പത്ത് കൂലി പ്രസംഗത്തിന്റെ പേരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ കേസെടുക്കില്ല. കോടിയേരിയുടെ പ്രസംഗം സമൂഹത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ആഹ്വാനമാണെന്ന് പരിശോധനയില്‍ കണ്ടെത്താനായില്ലെന്നാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ റിപ്പോര്‍ട്ടില്‍ വ്യക്തിമാക്കിയത്.
സി.പി.എം പ്രവര്ത്തകന് ധനരാജിനെ ആര്.എസ്.എസുകാര്‍ വധിച്ചതിനെ തുടര്‍ന്ന് ജൂലായ് 24ന് പയ്യന്നൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ ആയിരുന്നു കോടിയേരിയുടെ വിവാദ പരാമര്‍ശം. ഇങ്ങോട്ട് ആക്രമിക്കാനെത്തുന്നവരെ വന്നത് പോലെ പോകാന്‍ വിടരുത്. വയലില്‍ പണിയെടുത്താല്‍ കൂലി വരമ്പത്ത് തന്നെ കിട്ടുമെന്ന് അക്രമികള്‍ മനസിലാക്കണം. ഇനിയും മറ്റൊരു ധനരാജ് നഷ്ടപ്പെടാന്‍ ഇടയാവരുത്. ആര്.എസ്.എസ് ബി.ജെ.പി അക്രമങ്ങളെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും നേരിടണം ഇതായിരുന്നു കോടിയേരിയുടെ പ്രസംഗം. തുടര്‍ന്ന് കോടിയേരിയുടെ പ്രസംഗം നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ കേരളാ പൊലീസ് നിയോഗിക്കുകയായിരുന്നു.
കോടിയേരിയുടെ പ്രസംഗം പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് എന്നിവര്‍ രംഗത്ത് വന്നിരുന്നു. ഡി.ജി.പിക്ക് കുമ്മനം നേരിട്ട് പരാതിയും നല്കി. കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു.
എന്നാല്‍, പ്രസംഗത്തില്‍ ഉറച്ചു നിന്ന കോടിയേരി, നിയമനടപടി നേരിടാനും ജയിലില്‍ പോവാനും തയ്യാറാണെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെ പ്രസംഗത്തില്‍ നിയമവിരുദ്ധമായി യാതൊന്നും ഇല്ലെന്നും സ്വയരക്ഷയ്ക്കായി തിരിച്ചടിക്കാന്‍ ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും കോടിയേരി വിശദീകരിച്ചിരുന്നു.
Discussion about this post