തൃശ്ശൂർ : ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ്ഡിപിഐ പ്രവർത്തകന് 9 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കേസിലെ രണ്ടാം പ്രതിയായ ചാവക്കാട് എടക്കഴിയൂർ നാലാംകല്ല് പടിഞ്ഞാറെ ഭാഗം കിഴക്കേത്തറ ഷാഫിയെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ ഒന്നും മൂന്നും പ്രതികൾക്ക് നേരത്തെ ശിക്ഷ വിധിച്ചിരുന്നു.
9 വർഷം കഠിന തടവ് കൂടാതെ ഷാഫിക്ക് 15,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചാവക്കാട് എടക്കഴിയൂർ നാലാംകല്ല് സ്വദേശിയും ഡിവൈഎഫ്ഐ പ്രവർത്തകനുമായ കറുപ്പം വീട്ടിൽ ബിലാലിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
2018 ഏപ്രിൽ 26ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഡിവൈഎഫ്ഐ പ്രവർത്തകനായ ബിലാൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുന്ന സമയത്ത് എസ്ഡിപിഐ പ്രവർത്തകരായ ഒന്നാംപ്രതി മുബിൻ, രണ്ടാംപ്രതി ഷാഫി,മൂന്നാം പ്രതി നസീർ എന്നിവർ ചേർന്ന് വാളും ഇരുമ്പുപൈപ്പും ആയി ബൈക്കിൽ വന്ന് വെട്ടുകയും അടിക്കുകയും ചെയ്യുകയായിരുന്നു. പ്രതികൾക്കെതിരെ പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകശ്രമത്തിലേക്ക് നയിച്ചത്.
ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ഉടൻ തന്നെ മുതുവട്ടൂർ രാജ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നു.
കേസിലെ ഒന്നാം പ്രതിയായ മുബിൻ ചാവക്കാട്ടെ പുന്ന നൗഷാദ് കൊലപാതക കേസിലെ ഒന്നാം പ്രതി കൂടിയാണ്. പ്രതികളിൽ നിന്നും ഈടാക്കുന്ന പിഴസംഖ്യ മുഴുവൻ പരിക്ക് പറ്റിയ ബിലാലിന് നൽകാനും കോടതി വിധിയിൽ പരാമർശിച്ചിട്ടുണ്ട്.
Discussion about this post