ലണ്ടന്‍: ആഗോള ഭീകര സംഘടനയായ ഐഎസ് പരിശീലന താവളമായി ഉപയോഗിച്ചു വന്ന മുന്‍ ഇറാഖി ഏകാധിപതി സദ്ദാം ഹുസൈന്റെ കൊട്ടാരം സഖ്യ സേനകളുടെ യുദ്ധവിമാനങ്ങള്‍ ബോംബിട്ട് തകര്‍ത്തതായി യു.കെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വടക്കന്‍ ഇറാഖിലെ ഐസിസ് ശക്തി കേന്ദ്രമായ മൊസൂളിലായിരുന്നു കൊട്ടാരം സ്ഥിതി ചെയ്തിരുന്നത്. വിദേശ പോരാളികളെ റിക്രൂട്ട് ചെയ്യാനും പരിശീലനം നടത്താനും ഒപ്പം സംഘടനയുടെ പ്രധാന കേന്ദ്രവുമായി പ്രവര്‍ത്തിച്ചു വന്ന കൊട്ടാരമാണ് സഖ്യസേന തകര്‍ത്തത്. ടൈഗ്രസ് നദീ തീരത്തുള്ള സുരക്ഷിതമായ ഈ സ്ഥലം തന്നെയായിരുന്നു പ്രധാന യോഗങ്ങള്‍ക്കായും ഐസിസ് ഉപയോഗിച്ചിരുന്നത്.
നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഒരു വലിയ സഖ്യം തന്നെയാണ് ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ ആക്രമണം നടത്തിയത്. ഒരു ജോഡി ടൊര്ണാഡോകളായിരുന്നു ബ്രിട്ടീഷ് ഭാഗത്തു നിന്നും സേവനം നടത്തിയത്. ആദ്യം പ്രധാന കെട്ടിടം തന്നെയാണ് ആക്രമിച്ചത്. പിന്നീട് ഒരു സുരക്ഷാ കേന്ദ്രവും. സഖ്യ കക്ഷികളുടെ ദൗത്യം വിജയമാണെന്നാണ് വ്യക്തമായി സൂചന. അന്താരാഷ്ട്ര സഖ്യങ്ങള്‍ കൂടാതെ ആര്.എ.എഫ് ടൊര്‍ണാഡോ, ടൈഫൂണ്‍ ജെറ്റ്സ് എന്നിവയും ഐസിസിന് എതിരെ ദിവസവും നടക്കുന്ന ദൗത്യങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
Discussion about this post