മുംബൈ: പണംതിരിമറി നടത്തി മുങ്ങിയ മദ്യരാജാവ് വിജയ് മല്യയുടെ കൂടുതല്‍ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി 6,000 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് കുടിശ്ശിക വരുത്തുകയും അനധികൃത പണമിടപാടുകള്‍ നടത്തുകയുംചെയ്ത മല്യ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക കോടതിയില്‍ നടക്കുന്ന കേസില്‍ ഹാജരാകാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് കണ്ടുകെട്ടല്‍ നടപടി തുടരുന്നത്.
മല്യയുടെ 1,411 കോടിരൂപ വിലമതിക്കുന്ന സ്വത്ത് നേരത്തേ കണ്ടുകെട്ടിയിരുന്നു. രണ്ടാംഘട്ടമായാണ് 6,000 കോടിയുടെ സ്വത്തുകൂടി കണ്ടുകെട്ടുന്നത്. ഏതാനും ഓഹരികളും സ്ഥാവരജംഗമ വസ്തുക്കളും ഇക്കൂട്ടത്തിലുണ്ട്. ഇവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ ബാങ്കുകളോടും മറ്റു ധനകാര്യസ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ അറിയിച്ചു. ചെക്കുകേസില്‍ കഴിഞ്ഞദിവസം ഡല്‍ഹി കോടതി മല്യക്കെതിരെ ജാമ്യമില്ലാവാറന്റ് പുറപ്പെടുവിച്ചിരുന്നു.
Discussion about this post