തൃശൂര്‍ : സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതി മുഹമ്മദ് നിഷാമിനെതിരെ കാപ്പാ ചുമത്തുന്നതിനുള്ള റിപ്പോര്‍ട്ട് സിറ്റി പൊലീസ് മേധാവി ആര്‍. നിശാന്തിനി ഇന്നു കളക്ടര്‍ എം.എസ്. ജയയ്ക്കു കൈമാറും. പതിനാറോളം കേസുകള്‍ ചൂണ്ടിക്കാട്ടി സാമൂഹികവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം ഉപയോഗിച്ച് നിഷാമിനെ തടവിലിടണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടും. ഇതില്‍ പലതും നിഷാം ഒതുക്കിത്തീര്‍ത്ത കേസുകളാണ്. എന്നാല്‍ സ്വാധീനം ഉപയോഗിച്ചു കേസ് ഒതുക്കിത്തീര്‍ത്തെങ്കിലും കുറ്റകൃത്യം ഇല്ലാതാകുന്നില്ല എന്നതിനാലാണ് ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം വനിതാ എസ്‌ഐയെ കാറിലിട്ടു പൂട്ടിയ സംഭവം കാപ്പാ ചുമത്താനുള്ള റിപ്പോര്‍ട്ടിലുണ്ടാവില്ല. ഇതു കാപ്പാ ചുമത്തുന്നതിനു തക്ക കുറ്റമായി മാറില്ലെന്നു കണ്ടാണ് ഒഴിവാക്കുന്നത്. എന്നാല്‍ എന്‍ജിനീയറിങ് കോളജ് ഉടമയെ ഗുണ്ടകളുമായെത്തി വീട്ടില്‍ കയറി ആക്രമിച്ചതും പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരുന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ പിന്‍വലിച്ച മൂന്നു കേസുകളും റിപ്പോര്‍ട്ടിലുണ്ടാവും. കേസുകളുടെ സ്വഭാവം വിലയിരുത്തി ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ കളക്ടറാണ് കാപ്പാ ചുമത്താനുള്ള തീരുമാനമെടുക്കേണ്ടത്. കാപ്പാ ചുമത്താന്‍ കളക്ടര്‍ തീരുമാനിച്ചാല്‍ ആറു മാസം വരെ നിഷാമിനെ ജയിലില്‍ അടയ്ക്കാം. ഇതിനിടയില്‍ പ്രതിക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാനാവില്ല
Discussion about this post