തിരുവനന്തപുരം: സിപിഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗം ഇന്നാരംഭിക്കും. ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സി.പി.എം. സംസ്ഥാനസമിതിയുടെ ആദ്യ യോഗത്തില്‍ പങ്കെടുക്കണമെന്ന്, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനോട് സി.പി.എം. സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട് .എന്നാല്‍ അദ്ദേഹം യോഗത്തില്‍ പങ്കെടുക്കില്ല.
തന്നെ പാര്‍ട്ടി വിരുദ്ധനെന്ന് പ്രഖ്യാപിച്ച സെക്രട്ടറിയേറ്റിന്റെ പ്രമേയം മരവിപ്പിക്കണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുകയാണ്. 20, 21 തീയതികളിലാണു പിബി യോഗം. പിബിയില്‍ തീരുമാനമാകുന്നതുവരെ പാര്‍ട്ടി വേദികളില്‍നിന്നു വിട്ടുനില്‍ക്കാനാണു വിഎസിന്റെ തീരുമാനം. എന്നാല്‍ , നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് എന്ന നിലയിലുള്ള തന്റെ ചുമതലകള്‍ നിറവേറ്റുമെന്ന് അദ്ദേഹം അടുത്ത സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്.
അതേസമയം, കേന്ദ്രകമ്മിറ്റി അംഗമായ വി.എസ്. സംസ്ഥാനസമിതി യോഗത്തില്‍ പങ്കെടുക്കണമെന്ന അഭിപ്രായത്തിലാണ് സംസ്ഥാനനേതൃത്വം. മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളിലാണ് സംസ്ഥാനസമിതി യോഗം. പാര്‍ട്ടികോണ്‍ഗ്രസ്സില്‍ ചര്‍ച്ചചെയ്യുന്ന കരട് രാഷ്ട്രീയപ്രമേയത്തിനും അടവുനയരേഖയ്ക്കുമുള്ള ഭേദഗതികള്‍ ചര്‍ച്ചചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്.
1964ല്‍ സി.പി.എം. രൂപവത്കരിക്കപ്പെട്ടതിനുശേഷം ആദ്യമായാണ് വി.എസ്.അച്യുതാനന്ദന് അംഗമല്ലാത്ത സി.പി.എം. സംസ്ഥാനസമിതി നിലവില്‍വരുന്നത്.
Discussion about this post